ആർദ്രം പദ്ധതി: ആയിരം പുതിയ തസ്തികകൾ 

ആർദ്രം പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിയമിക്കുന്നതിന് 400 അസിസ്റ്റന്റ് സർജൻ, 400 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-രണ്ട്, 200 ലാബ് ടെക്‌നീഷ്യൻ ഗ്രേഡ്-രണ്ട് എന്നീ തസ്തികകൾ സൃഷ്ടിക്കും.

നിയമനങ്ങൾ, മാറ്റങ്ങൾ

ഡി.എഫ്.എഫ്.ടി പരിശീലനം കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന സഞ്ജയ് എം. കൗളിനെ തുറമുഖ വകുപ്പ് സെക്രട്ടറിയായി നിയമിക്കും. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി അദ്ദേഹം വഹിക്കും.

അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന വി.ആർ. പ്രേംകുമാറിനെ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറായി നിമിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെയും സി.പി.എം.യു. ഡയറക്ടറുടെയും ചുമതലകൾ കൂടി ഇദ്ദേഹം വഹിക്കും.

സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസലായി സേവനമനുഷ്ഠിക്കുന്ന ജി. പ്രകാശിന്റെ കാലാവധി 01-07-2019 മുതൽ മൂന്നു വർഷത്തേക്കു കൂടി ദീർഘിപ്പിച്ചു നൽകാൻ തീരൂമാനിച്ചു.

2007-ലെ കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പിൽ ഭേദഗതി കൊണ്ടുവരുന്നതിനുള്ള നിർദ്ദിഷ്ട കരട് ഭേദഗതി ബിൽ മന്ത്രിസഭ അംഗീകരിച്ചു. കർഷക കടാശ്വാസ കമ്മീഷൻ മുഖാന്തിരം അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള കുടിശ്ശികയ്ക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയിൽ നിന്നും രണ്ടു ലക്ഷം രൂപയായി വർധിപ്പിക്കുന്നതിനാണ് ഭേദഗതി ബിൽ.

ടൂറിസ്റ്റ് വിസയിൽ ചൈനയിലെത്തി അവിടെ വച്ച് മരണപ്പെട്ട ആലപ്പുഴ ആലിശ്ശേരി വഹീദാ കോട്ടേജിൽ മിർസ അഷ്‌റഫിന്റെ ഭൗതിക ശരീരം തിരികെ നാട്ടിലെത്തിക്കുന്നതിന് ചൈനയിൽ ഇന്ത്യൻ കോൺസുലേറ്റിന് ചെലവായ 8,28,285 രൂപ അനുവദിക്കാൻ തീരുമാനിച്ചു.

പൊതുമരാമത്ത് വകുപ്പിലെ എസ്.എൽ.ആർ ജീവനക്കാർക്ക് അവധി ആനുകൂല്യങ്ങൾ അനുവദിച്ചു നൽകാൻ തീരുമാനിച്ചു. വർഷത്തിൽ 15 ദിവസം ആകസ്മിക അവധിയും 20 ദിവസത്തെ ഡ്യൂട്ടിക്ക് ഒരു ദിവസം എന്ന നിരക്കിൽ ആർജ്ജിത അവധിയും നിലവിലുള്ള ജീവനക്കാർക്കുള്ളതുപോലെ സറണ്ടർ ആനുകൂല്യവും അനുവദിക്കാൻ തീരുമാനിച്ചു.