തൃത്താലയുടെ സംസ്‌കാരവും ചരിത്രവും ഉള്‍പ്പെടെ ഇന്നുവരെ ലഭ്യമാകുന്ന മുഴുവന്‍ രേഖകളും സമാഹരിച്ച് വരും തലമുറകള്‍ക്ക് അനുഭവിക്കുന്നതിനും മറ്റും ആവശ്യമായ സംവിധാനങ്ങളൊരുക്കാന്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ന്യൂസിയം നിര്‍മാണം പുരോഗമിക്കുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ ന്യൂസിയം തൃത്താലയിലെ കൂറ്റനാടാണ് ഒരുക്കുന്നത്. ലോകത്ത് തന്നെ വിരലിലെണ്ണാവുന്ന ഇത്തരമൊരു സംരംഭം ആവിഷ്‌കരിച്ച് തൃത്താലയുടെ സമ്പൂര്‍ണ ചരിത്രം തയ്യാറാക്കുകയെന്ന തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ന്യൂസിയം. തൃത്താലയുടെയും പരിസരങ്ങളിലെയും ചരിത്രം സംബന്ധിച്ച് ആവശ്യമായ രേഖകളും മറ്റും ശേഖരിച്ച് വെയ്ക്കുന്നരീതിയിലുള്ള സംരംഭം സംസ്ഥാനത്താദ്യമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ മഹാരഥന്മാരുടെ ഐതിഹ്യം ഉള്‍പ്പെടെ വര്‍ത്തമാനകാലം വരെയുള്ള തൃത്താലയുടെ ചരിത്രവഴികള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക യാണ് ന്യൂസിയം ലക്ഷ്യമിടുന്നത്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ 5.08 സെന്റിലാണ് ന്യൂസിയത്തിനുള്ള കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 29,40000 രൂപയാണ് ന്യൂസിയത്തിനായി ചെലവഴിച്ചത്. ആധുനിക രീതിയില്‍ മനോഹരമായി നിര്‍മിച്ച കെട്ടിടത്തില്‍ വായനയെ പ്രോത്സാഹിപ്പിക്കാനുള്ള ഗ്രന്ഥശാലയും വിവരങ്ങള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് രണ്ട് ഭാഗങ്ങളായി ഭാഗിച്ച് പ്രവര്‍ത്തനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. തൊഴില്‍ മേഖല, കൈത്തൊഴിലുകള്‍/കൈത്തറി, ബാങ്കിംഗ്/സഹകരണം, ടൂറിസം, വിദ്യാഭ്യാസം, കച്ചവടം/ കച്ചവടകേന്ദ്രങ്ങള്‍, ഗതാഗതം, കൃഷി, ഭവനം, വൈദ്യ വിജ്ഞാനം, ശാസ്ത്രം, സാങ്കേതികം/ സാങ്കേതിക വിദ്യാഭ്യാസം, രാഷ്ട്രീയം, ഭക്ഷ്യസംസ്‌കാരം/രുചി വൈവിധ്യം, വൈദ്യുതി/ഊര്‍ജ്ജം, സര്‍ക്കാര്‍ കാര്യാലയങ്ങള്‍, ഐതിഹ്യം, തീര്‍ഥാടനകേന്ദ്രങ്ങള്‍, ഉത്സവം, എഴുത്തിന്റെ വഴികള്‍, ശാസ്ത്രീയ- നാടന്‍ കലകള്‍, ആയോധന കല, പ്രഗത്ഭ വ്യക്തികള്‍, കണ്ടുപിടിത്തങ്ങള്‍, പുരാതന ശേഷിപ്പുകള്‍, ജൈവ മേഖല/സസ്യ വൈവിധ്യം, സ്ഥലനാമങ്ങള്‍, ഭൗമഘടന, നദികള്‍ എന്നിങ്ങനെ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും സമാഹരിച്ച് സൂക്ഷിക്കും. കൂടാതെ അച്ചടിച്ച എല്ലാ വാര്‍ത്തകളും ദൈനംദിന സംഭവവികാസങ്ങളും ശേഖരിച്ച് ന്യൂസിയത്തില്‍ സൂക്ഷിക്കും. വിവരശേഖരണത്തിനായി ബ്ലോക്ക് മെംബര്‍ ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇതിനോടകം കുടുംബശ്രീ അംഗങ്ങള്‍ വഴി അടിസ്ഥാന വിവരശേഖരണം നടത്തിയിട്ടുണ്ട്. വിവരശേഖരണത്തിന് താല്‍പര്യമുള്ളവര്‍ക്ക് സമിതിയില്‍ അംഗമാവാനും അവസരമുണ്ട്. ഓരോ പഞ്ചായത്തിലും ഉള്‍പ്പെടുന്ന വിവരങ്ങള്‍ വേര്‍തിരിച്ച് ഡിജിറ്റലൈസ് ചെയ്താണ് സൂക്ഷിക്കുന്നത്. ഈ ആഴ്ചയില്‍ തന്നെ ഡാറ്റാ എന്‍ട്രി ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഏറെ പ്രയോജനകരമാവുന്ന ന്യൂസിയം പാലക്കാട് ജില്ലയ്ക്കപ്പുറം സംസ്ഥാനത്തിന് തന്നെ മുതല്‍കൂട്ടാവുമെന്ന് നിസംശയം പറയാം.