‘ നല്ല ഗ്രിപ്പുണ്ട് ചക്കയ്ക്ക്
വീണുരുണ്ടാലും തേയ്മാനം കുറയും
ചങ്കുപൊട്ടിക്കാന്‍ ചക്ക്‌യ്ക്ക് പ്ലാവിന് കീഴെ പോകുന്നവന്റെ
തല നോക്കി വീണാല്‍ മതി’

അധ്യാപകനും കവിയുമായ പ്രകാശന്‍ മടിക്കൈയുടെ ചക്ക എന്ന കവിതയിലെ ഈ വരികള്‍ ഏറ്റുപാടിയാണ് പെരിയ ജി എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചക്കമഹോത്സവത്തെ വരവേറ്റത്. സ്‌കൂളില്‍ പിടിഎയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചക്കമഹോത്സവത്തില്‍ ചക്കവിഭവങ്ങള്‍ക്ക് പുറമേ മലയാളത്തിലെ പ്രശസ്ത കവികളുടെ ചക്ക കവിതകളും ചക്കയുടെ ഗുണങ്ങള്‍ പ്രതിപാദിക്കുന്ന ലഘുലേഖകളും പ്രദര്‍ശിപ്പിച്ചു. കെ.ജി ശങ്കരപ്പിള്ള, എസ് ജോസഫ്, അനിത തമ്പി തുടങ്ങിയവരുടെ ചക്ക കവിതകളാണ് മഹോത്സവത്തില്‍ ഉണ്ടായിരുന്നത്. ചക്കകൊണ്ടുള്ള തനത് നാടന്‍ വിഭവങ്ങളായ ചക്ക ഉണ്ണിയപ്പം, ചക്ക അട, ചക്ക കലത്തപ്പം, ചക്ക പായസം, ചക്ക ഹല്‍വ, ചക്കപൊരി, ചക്ക ഉണ്ട, ചക്ക എളിശ്ശേരി,ചക്ക തോരന്‍,ചക്ക ദോശ,ചക്ക പുട്ട്,ചക്ക ചത്താപ്പി തുടങ്ങി നൂറോളം വിഭവങ്ങളും മഹോത്സവത്തില്‍ സ്ഥാനം പിടിച്ചു.
പുതുതലമുറയ്ക്ക് ചക്കയുടെ മഹാത്മ്യം മനസ്സിലാക്കി കൊടുക്കുന്നതിനാണ് ഇത് സംഘടിപ്പിച്ചതെന്ന് ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വി എം സത്യന്‍ പറഞ്ഞു.ലാന്‍സി ടീച്ചര്‍,പ്രേമ ടീച്ചര്‍,ബീന ടീച്ചര്‍,കെ കെ ശ്യാമള, തമ്പായി ടീച്ചര്‍,ദീപ പി,ദീപ കെ എന്നിവര്‍ സംസാരിച്ചു.സുനിത ഡാനിയല്‍ സ്വാഗതവും ഒ പി ഷീബ നന്ദിയും പറഞ്ഞു.