പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ വലിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അതിന്റെ ഗുണഭോക്താവാകുന്ന വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഉയരങ്ങളിലെത്താനുള്ള പരിശ്രമം നടത്തണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ നിയമ സാംസ്‌ക്കാരിക പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. തരൂര്‍ മണ്ഡലത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികളേയും മണ്ഡലത്തിലെ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളേയും അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ന്നു കൊണ്ടിരുന്ന പൊതുവിദ്യാഭ്യാസ രംഗത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കൈപിടിച്ചുയര്‍ത്തിയപ്പോള്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാലയങ്ങളില്‍ അഞ്ചു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയും ലോകശ്രദ്ധയാകര്‍ഷിച്ച പൊതുവിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റുകയും ചെയ്തതില്‍ അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും പങ്ക് വളരെ വലുതാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭൗതിക സാഹചര്യം ഉയര്‍ത്താന്‍ കഴിഞ്ഞതിനാല്‍ പഠന നിലവാരം ഏറെ ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. കോട്ടായി ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി മുഖ്യാതിഥിയായി.
വിദ്യാഭ്യാസ മികവിനായി മണ്ഡലത്തില്‍ നടപ്പാക്കിയ മെറിറ്റ് പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകളേയും വിദ്യാര്‍ത്ഥികളേയും ആദരിച്ചത്. പത്താം ക്ലാസിലെ 109 കുട്ടികളും പ്ലസ്ടുവിലെ 43 കുട്ടികളുമടക്കം 152 കുട്ടികള്‍ക്കാണ് സമ്പൂര്‍ണ എ പ്ലസ് ലഭിച്ചിരിക്കുന്നത്. പെരിങ്ങോട്ടുകുറിശ്ശി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, തോലന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, ബമ്മണ്ണൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍, പെരിങ്ങോട്ടുകുറിശ്ശി ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണ് മണ്ഡലത്തില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂളുകള്‍.

ജില്ലയിലെ ആദ്യ ഐഡിയല്‍ ലാബ് ഉദ്ഘാടനം ചെയ്തു

കോട്ടായി ജി.എച്ച്.എച്ച്. എസ്.എസിലെ ഐഡിയല്‍ ലാബ് മന്ത്രി എ.കെ ബാലന്‍ നോക്കി കാണുന്നു.

ജില്ലയിലെ ആദ്യ ഐഡിയല്‍ ലാബായ കോട്ടായി ഹയര്‍സെക്കന്ററി സ്‌കൂളിലെ ഐഡിയല്‍ ലാബിന്റെ ഉദ്ഘാടനവും മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ലാബില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്കുള്ള അത്യാധുനിക ശാസ്ത്ര പരീക്ഷണ ഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
കോട്ടായി ഗ്രാമപഞ്ചായത്ത്, കോട്ടായി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ആരോഗ്യപ്രദര്‍ശന-ഭക്ഷ്യമേളയില്‍ ലഭിച്ച തുക കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ പോള്‍സണ്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.രജിമോന്‍, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ഇസ്മയില്‍, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഭാമ, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മനോജ്കുമാര്‍, കുത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ മുരളീധരന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് മെന്‍്ര എം.ആര്‍.ജയരാജ്, കോട്ടായി ഗ്രാമപഞ്ചായത്തംഗങ്ങള്‍, കോട്ടായി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.കെ.കൃഷ്ണലീല, ഹെഡ്മിസ്ട്രസ് ആലീസ് ജോസഫ്, മെറിറ്റ് ഉപദേശക സമിതിയംഗം ഡോ.കെ.വാസുദേവന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.