ജില്ലാ ഭരണകൂടത്തിന്റെയും പട്ടികവര്‍ഗ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വനാവകാശം അംഗീകരിക്കല്‍ ആക്ട് 2006 ‘പട്ടിക ഗോത്രവര്‍ഗങ്ങളും മറ്റു പരമ്പരാഗത വനവാസികളും – ലക്ഷ്യവും പ്രശ്നങ്ങളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ആദിവാസികള്‍ക്ക് വനാവകാശ രേഖ നല്‍കുന്നത് സംബന്ധിച്ച് നിലവിലുള്ള 1500 ഓളം അപേക്ഷകള്‍ക്ക് പഞ്ചായത്ത് തലത്തിലുള്ള സമിതികള്‍ രൂപീകരിച്ച് ഉടന്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ തീരുമാനമായി. വനാവകാശ രേഖ നല്‍കുന്നതിന് പ്രതിബന്ധമായി നില്‍ക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ക്ക് കിര്‍ത്താഡ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.എസ് പ്രദീപ് കുമാര്‍, അഡ്വ.ഹരീഷ് വാസുദേവന്‍, കെ. എച്ച് അമിതാബ് ബച്ചന്‍ എന്നിവര്‍ മറുപടി നല്‍കി. കെ.പി.എം റീജ്യന്‍സിയില്‍ നടന്ന പരിപാടിയില്‍ കെ ബാബു എം.എല്‍.എ, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, സൈലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.