എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി

പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 26 ശതമാനം ഓഹരി സർക്കാരിനായിരിക്കും. എൻ.ആർ.കെ ഇൻവെസ്റ്റ്‌മെന്റ് ആന്റ് ഹോൾഡിംഗ് കമ്പനി ലിമിറ്റഡ് എന്നായിരിക്കും നിർദിഷ്ട കമ്പനിയുടെ പേര്. ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളിൽ പ്രധാനപ്പെട്ടതാണ് പ്രവാസി നിക്ഷേപ കമ്പനിയുടെ രൂപീകരണം.

പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഇതിനു വേണ്ടി പ്രത്യേക ഉദേശ്യ കമ്പനിയോ സബ്‌സിഡിയറി കമ്പനിയോ ഹോൾഡിംഗ് കമ്പനിക്കു കീഴിൽ രൂപീകരിക്കാവുന്നതാണ്. എൻ.ആർ.ഐ ടൗൺഷിപ്പുകളുടെ നിർമാണം, പശ്ചാത്തല സൗകര്യവികസനം മുതലായ മേഖലകളിൽ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്.

കമ്പനിയുടെ സ്‌പെഷ്യൽ ഓഫീസറായി നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും തീരുമാനിച്ചു.

കെ.എ.എസ് – മൂന്നു സ്ട്രീമിലും സംവരണത്തിന് ചട്ട ഭേദഗതി

നിയമ വകുപ്പ് സൂക്ഷ്മ പരിശോധന നടത്തി സമർപ്പിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഭേദഗതി ചട്ടങ്ങൾ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ തീരുമാനിച്ചു.

റിക്രൂട്ട്‌മെന്റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്. നേരത്തെ സ്ട്രീം ഒന്നിൽ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാൻസ്ഫർ നിയമന രീതി ബാധകമാക്കിയിരുന്ന 2, 3 സ്ട്രീമുകളിൽ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളിൽ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സർക്കാരിന് നിവേദനങ്ങൾ നൽകിയിരുന്നു. ഇതി•േൽ അഡ്വ. ജനറലിന്റെ നിയമോപദേശം തേടിയാണ് കെ.എ.എസ്. വിശേഷാൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.

ബൈ-ട്രാൻസഫർ റിക്രൂട്ട്‌മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് 2, 3 സ്ട്രീമുകളിൽ കൂടി സംരവണം ബാധകമാക്കുന്നത്.

രാജ്കുമാറിന്റെ കസ്റ്റഡിമരണം – പരിഗണനാ വിഷയങ്ങൾ അംഗീകരിച്ചു

ഇടുക്കി ജില്ലയിലെ കോലാഹലമേട്ടിൽ രാജ്കുമാറിന്റെ കസ്റ്റഡിമരണം അന്വേഷിക്കുന്നതിന് നിയമിതനായ റിട്ട. ജസ്റ്റിസ് കെ. നാരായണ കുറുപ്പ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ അംഗീകരിച്ചു. രാജ്കുമാറിന്റെ അറസ്റ്റും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരണത്തിലേക്കു നയിച്ച  സാഹചര്യങ്ങളും അന്വേഷിക്കും. സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കോ മറ്റാർക്കെങ്കിലുമോ ഇതിൽ ഉത്തരവാദിത്വവും വീഴ്ചയും ഉണ്ടെങ്കിൽ കണ്ടെത്തണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ശുപാർശകൾ സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് സാന്ദർഭികമായി ഉയർന്നുവരുന്ന മറ്റ് കാര്യങ്ങൾ പരിശോധിക്കാനും കമ്മീഷന് അധികാരം ഉണ്ടാകും.

കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ, ബി.ഫാം യോഗ്യതയുള്ള ഷിഫറ്റ് സൂപ്പർവൈസർമാരുടെ 6 താൽക്കാലിക തസ്തികകൾ കമ്പനിയുടെ തനത് ഫണ്ടിൽനിന്നും തുക കണ്ടെത്തി നിലവിലുള്ള കരാർ നിയമന വ്യവസ്ഥയ്ക്ക് വിധേയമായി ഒരു വർഷ ത്തേക്ക് സൃഷ്ടിക്കാൻ തീരുമാനിച്ചു.

മാറ്റങ്ങൾ, നിയമനങ്ങൾ

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന സഞ്ജയ് ഗാർഗിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കും.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് തിരിച്ചുവരുന്ന സത്യജിത് രാജനെ വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിക്കും.

പോക്‌സോ കേസുകൾക്ക് മാത്രമായി കോടതി

പോക്‌സോ കേസുകൾക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കും. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബെഞ്ച് ക്ലാർക്ക് ഉൾപ്പെടെ 13 തസ്തികകൾ സൃഷ്ടിക്കും. നിർത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലിൽ നിന്നും പുനർവിന്യാസത്തിലൂടെയാണ് 10 തസ്തികകൾ കണ്ടെത്തുക. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയിൽ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനും തീരുമാനിച്ചു.

സ്വയംപര്യാപ്തമായ ക്ഷേമനിധി ബോർഡുകളിലെ ചെയർമാൻമാരുടെ ഓണറേറിയം 12,000 രൂപയിൽ നിന്നും 18,000 രൂപയായും മുഴുവൻ സമയ ചെയർമാൻമാരുടെ ഓണറേറിയം 20,000 രൂപയിൽ നിന്നും 25,000 രൂപയായും വർധിപ്പിക്കാൻ തീരുമാനിച്ചു. ഈ നിരക്കിൽ കൂടുതൽ ഓണറേറിയം ലഭിക്കുന്ന ചെയർമാൻമാരുടെ ഓണറേറിയം അതേ നിരക്കിൽ തുടർന്നും അനുവദിക്കും.

കേരള ഹൈക്കോടതി സർവ്വീസിലെ ജീവനക്കാരുടെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബിൽ മന്ത്രിസഭ അംഗീകരിച്ചു.