അന്തർസംസ്ഥാന നദീജല പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്ഥിരം ഹബ് പാലക്കാട്ട് മൂന്ന് മാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ജലസേചന വകുപ്പിന്റെ ത്രൈമാസ അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നര കോടി രൂപ ചെലവഴിച്ചാണ് ഹബ് നിർമ്മിക്കുന്നത്.
കാർഷികമേഖലയുടെ അഭിവൃദ്ധിക്കായി ജലസേചന മേഖലയിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനും തീരുമാനമായി. ഇതിനായി ഈ മേഖലയിലെ വിദഗ്ദ്ധരുടെ പ്രത്യേക സമിതി രൂപീകരിക്കും. സംസ്ഥാനത്ത് ലഭ്യമായ ജലം പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. ഇതിലൂടെ കൂടുതൽ സ്ഥലങ്ങളിൽ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം എത്തിക്കാൻ കഴിയും. കാർഷിക മേഖലയുടെ വളർച്ചയ്ക്ക് ഇത് കൂടുതൽ സഹായകമാവുമെന്നും യോഗം വിലയിരുത്തി.
ഫയലുകളുടെ നീക്കത്തിന് വേഗത വർധിപ്പിക്കാനായി വിവിധ ഓഫീസുകളെ ബന്ധിപ്പിച്ച് ഏകീകൃത സോഫ്ട്വെയറിന് കീഴിലാക്കും. എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസുകളെയാണ് ആദ്യം ഒരേ സോഫ്ട്വെയർ ശൃംഖലയിൽ കൊണ്ടുവരിക. ഇതോടൊപ്പം ഇ പോർട്ടലും യാഥാർത്ഥ്യമാക്കും. വകുപ്പ് ഏറ്റെടുത്തു നടത്തുന്ന പദ്ധതികളുടെ അവലോകനത്തിനായി പ്രത്യേക സോഫ്ട്വെയർ രണ്ടു മാസത്തിനകം നടപ്പിലാവും. പദ്ധതികളുടെ നിർമാണ, നടത്തിപ്പ് ജോലികളുടെ കാര്യക്ഷമത ഉറപ്പിക്കാൻ ഇതിലൂടെ കഴിയും.
വകുപ്പിലെ എൻജിനിയർമാർക്ക് ഐഐഎം, ഐഐടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ പ്രത്യേകപരിശീലനം ലഭ്യമാക്കും. അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പാക്കാനും അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുന്നതിനും നടപടിയെടുക്കും. വകുപ്പിന്റെ വിവിധ പദ്ധതികളുടെ പ്രവർത്തനം യോഗം വിലയിരുത്തി. അടുത്ത മൂന്ന് മാസത്തെ പ്രവർത്തന ലക്ഷ്യവും യോഗത്തിൽ നിശ്ചയിച്ചു. ജലവിഭവ മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ചീഫ് എൻജിനിയർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.