മഹാത്മാഗാന്ധിയുടെ 70 ാം രക്തസാക്ഷിത്വ വാർഷികാചരണത്തിന്റെ ഭാഗമായി തയാറാക്കിയ രക്തസാക്ഷ്യം സോവനീർ പ്രകാശനം ചെയ്തു.  വി.ജെ.ടി ഹാളിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ സോവനീറിന്റെ പതിപ്പ് അശോകൻ ചരുവിലിന് കൈമാറി.  ഗാന്ധിജി സത്യാനന്തര യുഗത്തിൽ എന്ന വിഷയത്തെ മുൻനിർത്തിയുള്ള സെമിനാറിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

രാജ്യത്തിന്റെ ഭരണഘടനയുടെ മൗലിക സ്വഭാവം മഹാത്മാഗാന്ധിയുടെ ദർശനത്തിന്റെ ഭാഗമാണെന്നും തുല്യനീതി, തുല്യാവകാശം എന്നിവ ലഭിക്കാനായത് ഇതിനാലാണെന്നും മന്ത്രി പറഞ്ഞു.
സത്യാനന്തര യുഗത്തിൽ എന്ന വിഷയത്തിൽ കോളമിസ്റ്റും സാമൂഹിക ശാസ്ത്രജ്ഞനുമായ ശിവ് വിശ്വനാഥനും ഗവേഷകനും അധ്യാപകനുമായ സുനിൽ. പി. ഇളയിടവും വിഷയാവതരണം നടത്തി.  മീന. ടി. പിള്ള സെമിനാർ മോഡറേറ്ററായി.

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് അധ്യക്ഷത വഹിച്ചു.  ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, പ്രഭാകരൻ പഴശ്ശി തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാൻ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നൽകിയ ‘രക്തസാക്ഷ്യം’ പരിപാടികളുടെ ഓർമയ്ക്കായാണ് സോവനീർ തയ്യാറാക്കിയത്.