രാജ്കുമാറിന്റെ ഭാര്യയ്ക്ക് ജോലി; കുടുംബത്തിന് 16 ലക്ഷം രൂപ

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയിൽ മരിച്ച രാജ്കുമാറിന്റെ ഭാര്യ വിജയയ്ക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രാജ്കുമാറിന്റെ നഴ്‌സിംഗിനു പഠിക്കുന്ന മകൾ ജെസ്സി, ബികോമിനു പഠിക്കുന്ന മകൻ ജോഷി, ഹൈസ്‌കൂൾ വിദ്യാർത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവർക്ക് നാലു ലക്ഷം രൂപ വീതം ആകെ 16 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും സാമ്പത്തിക സഹായം അനുവദിക്കും. തുക കുട്ടികളുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തും. പലിശ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകൾക്കുമായി രക്ഷാകർത്താവിന് പിൻവലിക്കാനാവും. കുട്ടികൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുമ്പോൾ നിക്ഷേപ തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരിൽ അനുവദിക്കുന്ന തുക ദേശസാൽകൃത ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് ലഭിക്കത്തക്കവിധം അനുവദിക്കാൻ ജില്ലാകലക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.

ഹയർ ഗ്രേഡ് അനുവദിക്കും

എയ്ഡഡ് സ്‌കൂൾ ലോവർ പ്രൈമറി / അപ്പർ പ്രൈമറി ഹെഡ്മാസ്റ്റർമാർക്ക് സമയബന്ധിത ഹയർ ഗ്രേഡ് നൽകാൻ തീരുമാനിച്ചു. 15 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ സ്‌കെയിൽ ലഭിച്ചതിനു ശേഷം 10/8 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റർ തസ്തികയിൽ ആദ്യ സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കും.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിലെ 121 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേൺ മന്ത്രിസഭായോഗം അംഗീകരിച്ചു.

ലാൻഡ്  ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 768 താൽക്കാലിക തസ്തികകൾക്ക് 01-01-2019 മുതൽ രണ്ടുവർഷത്തേക്ക് കൂടി തുടർച്ചാനുമതി നൽകും. പ്രവർത്തനം അവസാനിപ്പിച്ച ലാൻഡ് ട്രൈബ്യൂണലുകളിലെ താൽക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാൻഡ് ട്രൈബ്യൂണുകളിലേക്ക് പുനർവിന്യസിക്കാനും തീരുമാനിച്ചു.

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡിന്റെ മിനറൽ സെപ്പറേഷൻ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ് മെന്റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീർഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടിൽ നിന്ന് നൽകും.

ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലെ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ 01-04-2016 പ്രാബല്യത്തോടെ സെലക്ഷൻ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കാൻ തീരുമാനിച്ചു.

കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി നിയമിക്കാൻ  തീരുമാനിച്ചു. ഇദ്ദേഹത്തിന്റെ പ്രവർത്തനം എറണാകുളം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ടായിരിക്കും. പ്രധാനപ്പെട്ട കേസുകളുടെ നടത്തിപ്പിന്റെ മേൽനോട്ടം വഹിക്കുകയാണ് ചുമതല.

14-07-2019 ന് കാലാവധി അവസാനിച്ച ഹൈക്കോടതി സ്‌പെഷ്യൽ ഗവ. പ്ലീഡർമാരുടെ നിയമന കാലാവധി 15-07-2019 മുതൽ ഒരു ഉത്തരവുണ്ടാകുന്നതുവരെ ദീർഘിപ്പിച്ചു നൽകാൻ തീരുമാനിച്ചു.