സാമൂഹികനീതി വകുപ്പ് ഭിന്നശേഷി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികൾ ഗ്രീൻബുക്കിൽ ഉൾപ്പെടുത്തി 5.5 കോടി രൂപ വിനിയോഗിക്കുന്നതിന് അനുമതിയായി. വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളായ വിദ്യാകിരണം, വിദ്യാജ്യോതി, സ്വാശ്രയ, പരിണയം, തുല്യതാ പരീക്ഷ എഴുതുന്നതിനുള്ള ധനസഹായം, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ധനസഹായം എന്നിങ്ങനെ ഏഴു പദ്ധതികൾക്കാണ്  അനുമതിയായത്.

ഒരു ലക്ഷം രൂപ വരുമാന പരിധിയുള്ള ഭിന്നശേഷിക്കാരായ രക്ഷാകർത്താക്കളുടെ (മാതാവ്/പിതാവ്/രണ്ടുപേരും) മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായമാണ് വിദ്യാകിരണം. കുട്ടികളെ നാല് വിഭാഗമായി തിരിച്ച് ഒരു അധ്യയന വർഷം പത്ത് മാസത്തേക്ക് ധനസഹായം നൽകുന്നു. വൈകല്യത്തോത് കൂടുതലുള്ളവർക്ക് മുൻഗണന ലഭിക്കും.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവയ്ക്കുള്ള ധനസഹായ പദ്ധതിയാണ് വിദ്യാജ്യോതി.

തീവ്ര മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ മാതാവിന്/ രക്ഷിതാവിന് (സ്ത്രീകൾ) ഒറ്റത്തവണ സ്വയം തൊഴിൽ ധനസഹായ പദ്ധതിയാണ് സ്വാശ്രയ പദ്ധതി. 35,000 രൂപയാണ് ലഭിക്കുന്നത്.
36,000 രൂപ വരുമാന പരിധിയുള്ള ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും ഒറ്റത്തവണയായി 30,000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ് പരിണയം.

പൂരിപ്പിച്ച അപേക്ഷകൾ നിർദിഷ്ട രേഖകളോടൊപ്പം ജൂലൈ 31നകം ജില്ലാ സാമൂഹികനീതി ഓഫീസർക്ക് സമർപ്പിക്കണം.
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത ഭിന്നശേഷിക്കാർക്ക് പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് പരീക്ഷ എഴുതുന്നതിന് സാക്ഷരതാമിഷൻ മുഖേന ധനസഹായം നൽകുന്നുണ്ട്.

മാസം 2,000 രൂപ നിരക്കിൽ കാഴ്ചവൈകല്യം ബാധിച്ച അമ്മമാർക്ക് പ്രസവാനന്തരം 24 മാസംവരെ കുഞ്ഞിനെ പരിപാലിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി.
ഓപ്പൺ സ്‌കൂൾ/ കോളേജ്/ വിദൂര വിദ്യാഭ്യാസം എന്നീ സംവിധാനങ്ങളിലൂടെ ഡിഗ്രി തലത്തിലും അതിനു മുകളിലും വിദ്യാഭ്യാസം ചെയ്യുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരമാവധി 10,000 രൂപ വരെ ധനസഹായം വകുപ്പ് നൽകുന്നുണ്ട്.