അസാപ് ആരംഭിക്കുന്ന ഷീ സ്‌കിൽസ് തൊഴിൽ നൈപുണ്യ പദ്ധതിയിലൂടെ 15 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്ക് അവർ തിരഞ്ഞെടുക്കുന്ന മേഖലയിൽ പരിശീലനം നൽകുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റീട്ടയിൽ, ബാങ്കിങ്, അപ്പാരൽ, ബ്യൂട്ടി ആൻഡ് വെൽനെസ്സ്, ഫുഡ് പ്രോസസ്സിംഗ് തുടങ്ങി വിവിധ മേഖലകളിലെ കോഴ്‌സുകളിൽ 9000 സ്ത്രീകൾക്കാണ് പരിശീലനം നൽകുന്നത്. ആഗസ്റ്റിൽ പരിശീലന പരിപാടികൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. 150 മണിക്കൂർ മുതൽ ദൈർഘ്യമുള്ള കോഴ്‌സുകളിലാണ് അസാപ് പരിശീലനം നൽകുന്നത്. അസാപ്പിന്റെ തിരഞ്ഞെടുക്കപ്പെട്ട ട്രെയിനിംഗ് സർവീസ് പ്രൊവൈഡർ വഴി വിവിധ സെന്ററുകളിലാണ് പരിശീലനം.

ഈ സെന്ററുകൾ ഏതെങ്കിലും തൊഴിലിടങ്ങളിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളോ ആയിരിക്കും. പരിശീലനത്തിനു ശേഷം പരീക്ഷയും കോഴ്‌സുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്റേൺഷിപ്പിനുള്ള അവസരവും നൽകും.
എ.പി.എൽ, ജനറൽ കാറ്റഗറിയിലുള്ള വിദ്യാർത്ഥികൾക്ക് കോഴ്‌സ് ഫീസിൽ 50 ശതമാനം സബ്‌സിഡി ഇളവ് നൽകും.

പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, ബി.പി.എൽ. കുടുംബങ്ങളിൽ നിന്നുള്ളവർ, ക്രീമിലെയറിൽ ഉൾപ്പെടാത്ത അപേക്ഷകർ എന്നിവർക്ക് പരിശീലനം നിബന്ധനകൾക്ക് വിധേയമായി സൗജന്യമാണ്. പരിശീലന ശേഷം ജോലി ലഭിക്കുന്നതിനായി പ്രത്യേക പ്ലേസ്‌മെന്റ് ഡ്രൈവും സൗജന്യമാണ്. പരിശീലന ഗ്രൂമിംഗും ഉണ്ടായിരിക്കും. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്.
ഡെവലപ്പ്‌മെന്റ് സെന്ററുകൾ അപേക്ഷ സമർപ്പിക്കുന്നതിനു സൗജന്യ സഹായം നൽകും. അക്ഷയ കേന്ദ്രങ്ങൾ വഴിയും ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ വഴിയും അപേക്ഷ സമർപ്പിക്കാം.

സംസ്ഥാനത്ത് എവിടെയുള്ള അപേക്ഷകർക്കും ഏതു സ്ഥലത്തും നടക്കുന്ന ബാച്ചിലും അപേക്ഷിക്കാം. അപേക്ഷാഫീ പൂർണമായും സൗജന്യമാണ്. അപേക്ഷകരിൽ നിന്നും പരിശീലനത്തിന് അർഹരായവരെ പരിശീലന ഏജൻസിയും അസാപ്പും ചേർന്നാകും തിരഞ്ഞെടുക്കുക. സംസ്ഥാനത്തുടനീളം ഏകദേശം 300 ബാച്ചുകൾ പ്രതീക്ഷിക്കുന്നു. കുടുംബശ്രീ അംഗങ്ങൾ, വനിതാ സംഘങ്ങൾ, വീട്ടമ്മമാർ, പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾ തുടങ്ങിയവർക്ക് ഇത് മികച്ച അവസരമാണെന്ന് മന്ത്രി പറഞ്ഞു. ഷീ സ്‌കിൽസിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു.