സംസ്ഥാനത്തെ മുഴുവൻ ഓഫീസുകളിലും സ്പാർക്ക് പോർട്ടൽ വഴി ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിന് ഡിജിറ്റൽ സിഗ്‌നേച്ചർ നിർബന്ധമാക്കിയ സാഹചര്യത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ സിഗ്‌നേച്ചറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സംവിധാനമൊരുക്കി. പല ഓഫീസുകൾക്കും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളെ  ആശ്രയിക്കേണ്ടിവരുന്നു എന്ന പരാതിയെ തുടർന്നാണ് കൈറ്റ് ഈ സംവിധാനമേർപ്പെടുത്തുന്നത്. സർക്കാർ ഓഫീസുകൾ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അടിസ്ഥാനപ്പെടുത്തിയാകണം എന്നതാണ് സർക്കാർ നയം.

ജാവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ സിഗ്‌നേച്ചർ ടോക്കൺ ഡിവൈസിന്റെ ഡ്രൈവറുകൾ പ്രവർത്തിക്കാനാവശ്യമായ എല്ലാ സ്വതന്ത്ര സോഫ്റ്റ്‌വെയർ യൂട്ടിലിറ്റികളും കൈറ്റ് തയാറാക്കിയ ഐ.ടി@സ്‌കൂൾ ഗ്‌നൂ/ലിനക്‌സ് 18.04 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ലഭ്യമാണ്. ഡിജിറ്റൽ സിഗ്‌നേച്ചർ ടോക്കൺ ഡിവൈസുകളായി ഓഫീസുകളിൽ ഉപയോഗിക്കുന്ന ട്രസ്റ്റ് കീ, പ്രോക്‌സ്  കീ, ഇപാസ് എന്നിവയും സ്പാർക്കിൽ ഇവ ഉപയോഗിക്കാനാവശ്യമായ ക്ലയന്റ് സോഫ്റ്റ്‌വെയറും ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്ത് ബി.ഐ.എം.എസ്, സ്പാർക്ക് വെബ്‌സൈറ്റുകളിൽ രജിസ്റ്റർ ചെയ്യാനുള്ള പിന്തുണയാണ് കൈറ്റ് നൽകുക. ഇതിനായി തയാറാക്കുന്ന പ്രത്യേക ഇൻസ്റ്റലേഷൻ സ്‌ക്രിപ്റ്റും യൂസർഗൈഡും വീഡിയോ ട്യൂട്ടോറിയലുകളും ആഗസ്റ്റ് രണ്ട് മുതൽ കൈറ്റിന്റെ വെബ്‌സൈറ്റായ  kite.kerala.gov.in ൽ ലഭ്യമാകുമെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു.

സ്‌കൂളുകളിലെ കമ്പ്യൂട്ടറുകളിൽ യാതൊരു കാരണവശാലും പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യരുത്.
ഇതിനുപുറമെ കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും ആഗസ്റ്റ് രണ്ട് മുതൽ തത്സമയ പിന്തുണ നൽകാനായി ശിൽപശാലകൾ സംഘടിപ്പിക്കുകയും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കുകയും ചെയ്യും. ഉബുണ്ടു ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ലാപ്‌ടോപ്പുകളും ഡിജിറ്റൽ സിഗ്‌നേച്ചർ ടോക്കൺ ഡിവൈസുമായാണ് ഉദ്യോഗസ്ഥർ ശിൽപശാലകളിൽ പങ്കെടുക്കാനായി എത്തേണ്ടത്. പ്രൊപ്രൈറ്ററി ഓപ്പറേറ്റിങ് സിസ്റ്റം മാറ്റി സ്വതന്ത്ര സോഫ്റ്റ്‌വെയറിലേക്ക് മാറാൻ താത്പര്യമുള്ളവരും ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം. വിശദാംശങ്ങൾ കൈറ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ ‘ലിറ്റിൽ കൈറ്റ്‌സ് ‘ ക്ലബ്ബുകളുടെ സഹായത്തോടെ ഇതിനായി സംവിധാനം കൈറ്റ് ഏർപ്പെടുത്തും