കൊച്ചി: വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍,എയ്ഡഡ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാതഭക്ഷണം ഉറപ്പാക്കുന്ന ഫസ്റ്റ് മീൽ അമൃതം പദ്ധതിയുടെ 3-ം വര്‍ഷ ഉദ്ഘാടനം എസ്.ശര്‍മ്മ എംഎൽഎ ,കര്‍ത്തേടം എസ്.എച്ച്.ജി.യു.പി.സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് കളത്തിപ്പറമ്പിൽ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍.ആന്‍റണി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറിയാണ് അമൃതം പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നത്. അതത് ഗ്രാമപഞ്ചായത്തുകളിലെ സെക്രട്ടറിമാരാണ് പദ്ധതിയുടെ നോഡൽ ഓഫീസര്‍മാർ . പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രസിഡന്‍റ് ,സെക്രട്ടറി എന്നിവരുടെ പേരിൽ സംയുക്ത അക്കൗണ്ട് നിലവിലുണ്ട്.

പദ്ധതി നടത്തിപ്പ്,ദൈനംദിനം നൽകുന്ന ഭക്ഷണം എന്നിവ സംബന്ധിച്ച കാര്യങ്ങളുടെ മോണിറ്റിങ്ങ് ചുമതല പഞ്ചായത്ത്തല നോഡൽ ഓഫീസര്‍ , സ്കൂള്‍ തല നോഡൽ ഓഫീസര്‍മാരായ പ്രധാന അദ്ധ്യാപകന്‍ അല്ലെങ്കിൽ ചുമതപ്പെടുത്തുന്ന അദ്ധ്യാപകന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍,വാര്‍ഡ് മെമ്പര്‍, പിടിഎ പ്രസിഡന്‍റ് എന്നിവരടങ്ങുന്ന കമ്മിറ്റിക്കാണ്. വെളിച്ചം കൗണ്‍സിലിനാണ് പദ്ധതിയുടെ മണ്ഡലതലത്തിലുള്ള മോണിറ്ററിങ്ങ് ചുമതല.

2019-20 അദ്ധ്യയനവര്‍ഷത്തി പ്രീപ്രൈമറി മുതൽ ഏഴാംതരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫസ്റ്റ് മീൽ നൽകുന്നതിനാണ് ബി.പി.സി.എൽ കൊച്ചി റിഫൈനറി അനുമതി നൽകിയിട്ടുള്ളത്.

വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ഞാറക്കൽ, എളങ്കുന്നപ്പുഴ , നായരമ്പലം , എടവനക്കാട്, കുഴിപ്പിള്ളി, പള്ളിപ്പുറം, മുളവുകാട്, കടമക്കുടി എന്നീ എട്ടു ഗ്രാമപഞ്ചായത്തുകളിലായി പ്രവര്‍ത്തിച്ചുവരുന്ന 71 സ്കൂളുകളിലെ 12,703 വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും .

മാലിപ്പുറം കര്‍ത്തേടം സെന്‍റ്.ജോര്‍ജ് പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ വെളിച്ചം വൈസ് ചെയര്‍മാന്‍ ഡോ.കെ.എസ്.പുരുഷന്‍, എറണാകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.എക്സ്.ആന്‍സലാം, ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ സീനിയര്‍ മാനേജര്‍ വിനീത്.എം.വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് കളത്തിപ്പറമ്പിൽ , ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ.ലളിത, എളങ്കുന്നപ്പുഴ, നായരമ്പലം , എടവനക്കാട്, മുളവുകാട്, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്മാരായ കെ.കെ. ഉണ്ണികൃഷ്ണന്‍, ഇ.പി. ഷിബു, കെ.യു ജീവൻ മിത്ര, വിജി ഷാജൻ, ശാലിനി ബാബു , ജില്ലാ പഞ്ചായത്ത് അംഗം റോസ്മേരി ലോറൻസ്, കര്‍ത്തേടം എസ്.എച്ച്. ജി. യു.പി.സ്കൂള്‍ പ്രധാന അദ്ധ്യാപിക കെ.ജെ.ജൂഡിറ്റ് , വൈപ്പിന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ബിന്ദു ഗോപി , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.