കൊച്ചി: ലോക മുലയൂട്ടൽ വാരാചരണവുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പും (ഐ.സി.ഡി.എസ്, നോർത്ത് പറവൂർ) ഏഴിക്കര ഗ്രാമപഞ്ചായത്തും ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്ത് തല ലോക മുലയൂട്ടൽ വാരാചരണം ആചരിച്ചു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എ ചന്ദ്രിക പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളോടെ ഏഴിക്കര പഞ്ചായത്ത് ഹാളിലാണ് വാരാചരണം നടന്നത്. “രക്ഷിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടൽ സാധ്യമാക്കുക” എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

അങ്കണവാടി അധ്യാപിക ജമുനയുടെ നേതൃത്വത്തിൽ അവതരണ ഗാനം, അമ്മമാർക്കുള്ള ക്വിസ് മത്സരം, എക്സിബിഷൻ എന്നിവ നടന്നു. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ ബിനോയ് വർഗീസ്, ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ജ്യോതി കെ.കെ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു.

ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ഏഴിക്കര പഞ്ചായത്തിലെ എല്ലാ അംഗണവാടികളിലും ലോക മുലയൂട്ടൽ വാരാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ നടന്നു. ഏഴിക്കര ഹെൽത്ത് ഇൻസ്പെക്ടർ നൂർജഹാൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ആർ ലിബിൻ, പി. രശ്മി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഏഴിക്കര ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ബി. പ്രീതി വാർഡ് തല പരിപാടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഏഴിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉഷ രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഗീത പ്രതാപൻ, ഷീബ സൈലേഷ്, ഷീല മുരളി, വി.കെ സജീവ്, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.