സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തിര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പോലീസ് രംഗത്തുണ്ടായിരിക്കും. ഒടിഞ്ഞ് വീഴുന്ന മരങ്ങളും മറ്റ് റോഡ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പോലീസ് എല്ലാ സഹായവും നൽകും.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.