കുട്ടികള്‍ക്കു പുതിയ പുസ്തകങ്ങള്‍ നല്‍കും

അടിമാലി മച്ചിപ്ലാവ് അസ്സീസി പള്ളി സണ്‍ഡേ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി ക്യാമ്പിലെ ദുരിതബാധിതരുടെ നാശനശനഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു. ക്യാമ്പിലെ ദുരിതബാധിതരെ സമാധാനിപ്പിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ക്യാമ്പിലെ സൗകര്യങ്ങളില്‍ ദുരിതബാധതര്‍ തൃപ്തി അറിയിച്ചു. ക്യാമ്പിലെ കുട്ടികളോട് കുശലം പറഞ്ഞും വിദ്യാഭ്യാസ കാര്യങ്ങള്‍ തിരിക്കുകയും ചെയ്ത വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്  വെള്ളം കയറി നനഞ്ഞ പുസ്തകങ്ങള്‍ക്ക് പകരം പുതിയ പുസ്തകങ്ങള്‍ സ്‌കൂളില്‍ നിന്ന് ലഭിക്കുമെന്ന് കുട്ടികള്‍ക്ക് ഉറപ്പും കൊടുത്തു.

മഴ കുറഞ്ഞതോടെ അടിമാലി ആദിവാസി മേഖലയായ കുറത്തിക്കുടി, ചിന്നപ്പാറ കുടി എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പ് അടച്ചു. ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് കുടികളിലെ 7 കുടുംബങ്ങളെ ക്യാംമ്പു കളിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

മഴ കുറഞ്ഞതോടെ ഇവര്‍ തിരികെ വീടുകളിലേക്ക് മാറി. അടിമാലി അസ്സീസിപളളി സണ്‍ഡേ സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പില്‍ 21 കുടുംബങ്ങള്‍ അഭയം തേടി. 20 പുരുഷന്‍മാരും 18 സ്ത്രീകളും ഒരു കുട്ടിയുമക്കം 39 പേരാണ് ഇവിടെയുള്ളത്. ദേവിയാര്‍  കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അലോപ്പതി മെഡിക്കല്‍ ക്ലിനിക്കും, ചില്ലിതോട് ഹോമിയോ ഡിസ്പന്‍സറിയുടെ നേതൃത്വത്തില്‍ ഹോമിയോ ക്ലിനിക്കും ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴ കുറഞ്ഞ സാഹചര്യത്തില്‍ ഇവരില്‍ ഭൂരിഭാഗം പേരും വീടുകളിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലാണ്.