ജില്ലാ ഭരണകൂടം ആരംഭിച്ച കളക്ഷൻ സെന്ററിൽ മികച്ച പ്രതികരണം

സർക്കാർ നടപടികൾ മാതൃകാപരമെന്ന് ശശി തരൂർ എം.പി

അതിരൂക്ഷമായ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അവശ്യസാധനങ്ങൾ എത്തിക്കാൻ ജില്ലാ ഭരണകൂടം എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ സെന്ററിൽ പൊതുജനങ്ങളുടെ മികച്ച പ്രതികരണം. ആദ്യ ദിനം സഹായവുമായി നിരവധി പേരാണ് ഇവിടേക്കെത്തിയത്.

ദുരിതബാധിത ജില്ലകൾക്ക് അവശ്യമായ വസ്തുക്കൾ നിർദേശമനുസരിച്ച് ഇവിടെനിന്നും കയറ്റിഅയക്കും.ദേവസ്വം-സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ കളക്ഷൻ കേന്ദ്രം സന്ദർശിച്ച് വേണ്ട നിർദേശം നൽകി. ആവശ്യമുള്ള സാധനങ്ങൾ ഇവിടേക്കെത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും അഭ്യർഥിച്ചു.

സംസ്ഥാനത്താകെ സർക്കാർ സംവിധാനങ്ങൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും പ്രളയത്തെ നേരിടാൻ സർക്കാർ കൈക്കൊണ്ട നടപടികൾ മാതൃകാപരമാണെന്നും കളക്ഷൻ സെന്റർ സന്ദർശിച്ച് ശശി തരൂർ എം.പി പറഞ്ഞു.

അപകടം സംഭവിച്ച കൂടപ്പിറപ്പുകൾക്ക് കൂടുതൽ സഹായം എത്തിക്കാൻ വ്യക്തികളും സംഘടനകളും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കളക്ഷൻ സെന്ററിന്റെ ഏകോപനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. വോളണ്ടിയർമാരായി വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്.

കുടിവെള്ളം, ഡ്രൈ ഫുഡ്‌സ്, കുട്ടികൾക്കുള്ള ആഹാര പദാർത്ഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിംഗ് പൗഡർ, മെഴുകുതിരി, മരുന്നുകൾ തുടങ്ങിയവയാണ് കളക്ഷൻ കേന്ദ്രത്തിലേക്ക് ആവശ്യമുള്ളത്. മറ്റ് ആവശ്യ സാധനങ്ങളും എത്തിക്കാം.