ഒറ്റദിവസം കൊണ്ട് ജില്ലാ ഭരണകൂടം ശേഖരിച്ചത് 6.5 ടൺ അവശ്യവസ്തുക്കൾ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. പൊതുജനങ്ങളിൽ നിന്നും ശേഖരിച്ച 6.5 ടൺ അവശ്യവസ്തുക്കളുമായി പ്രളയക്കെടുതി നേരിടുന്ന കോഴിക്കോട്ടേക്ക് വാഹനം യാത്ര തിരിച്ചു. എസ്.എം.വി സ്‌കൂളിൽ ആരംഭിച്ച കളക്ഷൻ കേന്ദ്രത്തിൽ ശേഖരിച്ചവയാണ് ഇവ.

കുടിവെള്ളം, ഡ്രൈ ഫുഡ്സ്, കുട്ടികൾക്കുള്ള ആഹാര പദാർത്ഥങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ബെഡ്ഷീറ്റ്, സോപ്പ്, ഡെറ്റോൾ, കൊതുകുവല, ബ്ലീച്ചിംഗ് പൗഡർ, മെഴുകുതിരി, മരുന്നുകൾ തുടങ്ങിയ അവശ്യ വസ്തുക്കളാണ് കോഴിക്കോടേക്ക് കയറ്റിഅയച്ചത്. ഇന്നലെ (ആഗസ്റ്റ് 11) രാവിലെ ആരംഭിച്ച കളക്ഷൻ സെന്ററിൽ മികച്ച പൊതുജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഒരൊറ്റ ദിവസം കൊണ്ടുതന്നെ 6.5 ടൺ അവശ്യ വസ്തുക്കൾ ശേഖരിക്കാനായി.

ഇന്നും നാളെയുമായി പരമാവധി വസ്തുക്കൾ ശേഖരിച്ച് പ്രളയക്കെടുതി നേരിടുന്ന ജില്ലകളിലേക്കെത്തിക്കാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വേണ്ട മാർഗനിർദേശങ്ങളഉമായി എസ്.എം.വി സ്‌കൂളിലുണ്ട്. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും റവന്യു ഉദ്യോഗസ്ഥരും കളക്ഷൻ സെന്ററിന് നേതൃത്വം നൽകുന്നു. വിദ്യാർത്ഥികളും വിവിധ മേഖലകളിൽ നിന്നുള്ളവരും സന്നദ്ധപ്രവർത്തകരായി ഇവർക്കൊപ്പമുണ്ട്.