കണ്ണൂർ: കാട്ടാമ്പള്ളി പാലത്തിനടുത്തായിരുന്നു ആയിഷയുടെ വീട്. കനത്തമഴയില്‍ ഞൊടിനേരം കൊണ്ട് വീട്ടില്‍ വെള്ളം കയറിയപ്പോള്‍ കയ്യില്‍ ഒന്നും കരുതാന്‍ പോലുമാകാതെയാണ് കാട്ടാമ്പള്ളി ജിഎംയുപിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്നത്. വീട്ടുപകരണങ്ങളെല്ലാം വെള്ളംമുങ്ങി നശിച്ചു.

വ്യവസായ മന്ത്രി ഇ പി ജയരാജനോട് പ്രളയ ദുരിതം വിവരിക്കുമ്പോഴും അവരുടെ മുഖത്ത് പ്രതീക്ഷയാണ്. മൂന്ന് പെണ്‍മക്കളും അവരുടെ മക്കളുമായി ആയിഷയുടെ വീട്ടിലെ എട്ട് പേരാണ് വലിയപെരുന്നാള്‍ ദിനത്തിലും ക്യാമ്പില്‍ കഴിയുന്നത്.

അറുപത് കഴിഞ്ഞ തന്റെ അനുഭവത്തില്‍ ഇത്രയും വലിയ പ്രളയം ഉണ്ടായിട്ടില്ലെന്ന് അവര്‍ മന്ത്രിയോട് പറഞ്ഞു. ‘ആശങ്കയോ ഭയമോ വേണ്ട. എല്ലാത്തിനും നിങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ടാകും’- അവരുടെ കൈപിടിച്ചുകൊണ്ട് ഇ പി പറഞ്ഞു. ക്യാമ്പില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന മന്ത്രിയുടെ ചോദ്യത്തിന് നിറഞ്ഞ സംതൃപ്തിയോടെ ഒരു കുറവുമില്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ ദിവസം വീണ് കാലിന് ചെറിയ പരിക്കുപറ്റി ക്യാമ്പില്‍ കഴിയുന്ന രാജുവിനെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഡോക്ടര്‍ ക്യാമ്പിലെത്തി രാജുവിന് ആവശ്യമായ ചികിത്സ നല്‍കിയിരുന്നു. എങ്കിലും ആശുപത്രിലേക്ക് മാറ്റുന്നതാണ് നല്ലതെന്ന് മന്ത്രി നിര്‍ദേശിച്ചു.

വീടുകളിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ ക്യാമ്പുകള്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കും ഉല്‍ക്കണ്ഠയോ ഭയാശങ്കയോ വേണ്ട. എല്ലാവരെയും സംരക്ഷിക്കാനാവശ്യമായ കാര്യങ്ങളാണ് ചെയ്യുന്നത്. വെള്ളം ഇറങ്ങുന്ന വീടുകള്‍ ശുചീകരിക്കുന്നതിന് സന്നദ്ധ സേവകരുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

നല്ല സൗകര്യവും ഭക്ഷണവും ആരോഗ്യ പരിചരണവും എല്ലാ ക്യാമ്പുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റവന്യു വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി രംഗത്തുണ്ട്.

നാറാത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം, നാറാത്ത് ഈസ്റ്റ് എല്‍പി സ്‌കൂള്‍, കമ്പില്‍ മാപ്പിള ഹൈസ്‌ക്കൂള്‍, മയ്യില്‍ തുടങ്ങിയ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. ജെയിംസ് മാത്യു എംഎല്‍എ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

എല്ലാ ക്യാമ്പുകളിലെയും സ്ഥിതി മന്ത്രി വിലയിരുത്തി. ക്യാമ്പില്‍ കഴിയുന്നവരുമായി സംസാരിച്ച് ആവശ്യമായ കാര്യങ്ങളില്‍ അടിയന്തര പരിഹാര മാര്‍ഗങ്ങളും നിര്‍ദേശിച്ചാണ് ഓരോ ക്യാമ്പില്‍ നിന്നും മന്ത്രി മടങ്ങിയത്.