കൊല്ലം: വൈദ്യുതി ബന്ധം ഏതാണ്ട് പൂര്‍ണമായും തകരാറിലായ മഴദുരിതബാധിത മേഖലകളില്‍ വെളിച്ചമെത്തിക്കാന്‍ എഞ്ചിനീയറിംഗ് വൈദഗ്ധ്യവുമായി വിദ്യാര്‍ഥി സംഘം. ടി കെ എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ കുട്ടികളാണ് അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറു ലൈറ്റുകള്‍ രൂപകല്‍പന ചെയ്തത്.
എല്‍ ഇ ഡി ബള്‍ബുകള്‍ ഉറപ്പിച്ച എമര്‍ജന്‍സി ലൈറ്റുകളാണിവ. മിനി ലാംപുകള്‍ക്ക് ചെലവും തീരെ കുറവ്. സംവിധാനത്തിനായി ആകെ വേണ്ടത് മൂന്ന് എല്‍ ഇ ഡി ബള്‍ബ്, രണ്ടു ക്ലോക്ക് ബാറ്ററി എന്നിവ മാത്രം. ഇവ രണ്ടും ഒരു ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച് വയര്‍ കണക്ട് ചെയ്താല്‍ ലൈറ്റ് കത്തും. സ്വിച്ച് ഇല്ലാതെയാണ് പ്രവര്‍ത്തനം.
രണ്ടു ദിവസം പ്രകാശിക്കുന്ന ലൈറ്റാണ് വികസിപ്പിച്ചിരിക്കുന്നത്. ഇവ സൗജന്യമായി വടക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് ആദ്യം കൈമാറുന്നത്. നൂറ് എണ്ണം തുടക്കത്തിലും കൂടുതല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്കും നല്‍കും. ഇവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പവര്‍ ബാങ്കുകളും നിര്‍മിച്ചു നല്‍കാനാണ് കൂട്ടായ്മയുടെ തീരുമാനം.