ഇടുക്കി: അടുത്തദിവസങ്ങളില്‍ ജില്ലയില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു അതീവജാഗ്രത പുലര്‍ത്തുന്നതിനും എല്ലാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ദുരിതാശ്വാസ ഏകോപന ചുമതലയുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസും സന്നിഹിതരായിരുന്നു.

ജില്ലയിലെ മുഴുവന്‍ വകുപ്പുകളും ഏതു പ്രതിസന്ധിയെയും നേരിടാന്‍ സുസജ്ജമാണ്. വീണ്ടും അതിജാഗ്രതാ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അപകടമേഖലയിലുള്ളവരെ അക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി ഉടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇപ്പോഴത്തെ സ്ഥിതിയില്‍ ജില്ലയില്‍ ഒരുവിധത്തിലുമുള്ള അപകടഭീതിയുമില്ല.

കഴിഞ്ഞദിവസങ്ങളിലുണ്ടായ മഴക്കെടുതികളില്‍ ഉണ്ടായ നഷ്ടങ്ങളില്‍ അടിയന്തിരമായി താത്കാലിക പരിഹാരം കാണേണ്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതുവരെ അഞ്ചുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് വിവിധ അപകടങ്ങളിലായി പരിക്കേറ്റു. 53 വീടുകള്‍ പൂര്‍ണമായും 367 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏഴ് ക്യാമ്പുകളിലായി 95 കുടുംബങ്ങളിലെ 292 പേരാണ് ഇപ്പോഴുള്ളത്.

വണ്ടിപ്പെരിയാറില്‍ ദേശീയപാതയില്‍ വെള്ളം കയറുന്ന ഭാഗത്ത് ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നടപടികള്‍ സ്വീകരിക്കും. റോഡ് നശിക്കാതിരിക്കാന്‍ എത്രയും വേഗം പരിഹാരമാര്‍ഗം കണ്ടെത്തണമെന്നു മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ഇ. എസ്. ബിജിമോള്‍ എംഎല്‍എ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. റോഡുകളുടെ വശങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ വനംവകുപ്പ് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.

ചിത്തിരപുരം ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂലമറ്റം ആശ്രാമം റോഡ് തകര്‍ന്നതുമൂലം മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടനിലയിലാണ്. ഇവിടം മന്ത്രി രവീന്ദ്രനാഥ് കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. ഇവിടെ താത്കാലികമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാലത്തിന്റെ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു.  കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലില്‍ കൊന്നത്തടി ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ഏഴുപേരെ കാണാതായിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ വിഷയം ഇന്നുചേരുന്ന മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

മാങ്കുളം മേഖലയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കു ഭക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തിയതായി യോഗത്തില്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തു. പെരിയവരെ പാലത്തിലൂടെ ചെറുവാഹനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടത്തിവിടുന്നത്. ഈ സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് ഡീസല്‍ അടിക്കാനുള്ള ബദല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നു മന്ത്രി  നിര്‍ദേശിച്ചു. കാലപ്പഴക്കം വന്ന അങ്കനവാടി കെട്ടിടങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനു തദ്ദേശസ്വയംഭരണ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും.

ജില്ലയിലെ കാര്‍ഷികമേഖലയില്‍ താത്കാലിക പടുതാക്കുളങ്ങള്‍ക്കു ചുറ്റും സംരക്ഷണ വേലി നിര്‍മിക്കുന്ന കാര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. മലയോരങ്ങളില്‍ മഴക്കുഴികള്‍ നിര്‍മിക്കാന്‍ പാടില്ല. മീന്‍വളര്‍ത്തലിനു അഞ്ചടി താഴ്ചയുള്ള കുഴികളാണു നിര്‍മിക്കുന്നത്. വലിയ ജലസംഭരണികളുടെ ആഴവും ശേഷിയും പരിശോധിച്ചു നടപടികള്‍ സ്വീകരിക്കണം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള മറ്റു വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്തു. യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍, എഡിഎം ആന്റണി സ്‌കറിയ, എഡിഎം അതുല്‍ സ്വാമിനാഥന്‍ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.