കണ്ണൂർ: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവ സമാഹരണം സുമനസ്സുകളുടെ കാരുണ്യം കൊണ്ട് ശ്രദ്ധേയമാകുന്നു. നാലാം ദിനവും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കലക്ടറേറ്റിലെ കലക്ഷന്‍ സെന്റര്‍. ജില്ലയില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് സാന്ത്വനമായി ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, സാനിറ്ററി നാപ്കിന്‍, സോപ്പ്, ബക്കറ്റ്, മെഴുക് തിരി തുടങ്ങി കലക്ഷന്‍ സെന്ററിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ആയിരത്തിലേറെ കിറ്റുകളാണ് ചൊവ്വാഴ്ച മാത്രം കലക്ടറേറ്റിലെ കലക്ഷന്‍ സെന്ററിലെത്തിയത്.

സപ്ലൈകോ കണ്ണൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ സമാഹരിച്ച വിഭവങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഏറ്റുവാങ്ങി. 650 രൂപയുടെ 100 കിറ്റുകളാണ് സപ്ലൈകോ സമാഹരിച്ച് നല്‍കിയത്. സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ കെ രാജീവ്, ജൂനിയര്‍ മാനേജര്‍ അനില്‍ പി കെ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ കൈമാറിയത്. അരി, പഞ്ചസാര, ചായപ്പൊടി, മുളക് പൊടി, ഉപ്പ്, തുവരപ്പരിപ്പ്, മല്ലിപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണ, ബിസ്‌ക്കറ്റ്, അവില്‍, പുളി, കടല, മഞ്ഞള്‍പ്പൊടി എന്നീ സാധനങ്ങളടങ്ങിയതാണ് കിറ്റുകള്‍. സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡുമായി ചേര്‍ന്ന് ആസൂത്രണ സമിതി ജീവനക്കാര്‍ സമാഹരിച്ച 50 കിറ്റുകളും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശനില്‍ നിന്ന് ജില്ലാകലക്ടര്‍ ഏറ്റുവാങ്ങി.

ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ നേതൃത്വത്തില്‍ എച്ച് എം ഫോറം സമാഹരിച്ച 250 കിറ്റുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 250 കിറ്റുകളും  നല്‍കി.  ഇതിന് പുറമെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, സംഘടനകള്‍, കമ്പനികള്‍, വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, മറ്റ് കൂട്ടായ്മകള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ വിഭവസമാഹരണത്തില്‍ പങ്കാളികളായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി തലശ്ശേരി താലൂക്കില്‍ 475 കിറ്റും ഇരിട്ടി താലൂക്കില്‍ 280 കിറ്റും തളിപ്പറമ്പ് താലൂക്കില്‍ 481 കിറ്റുമാണ് ചൊവ്വാഴ്ച കലക്ടറേറ്റില്‍ നിന്ന് സമാഹരിച്ച് നല്‍കിയത്.