കണ്ണൂർ: എ പ്ലസിന് കിട്ടിയ പ്രോത്സാഹന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഹൃദ്യുത് ഹേംറാഗ്. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതിന് സംഘടനകളും അസോസിയേഷനുകളും പ്രോത്സാഹനമായി നല്‍കിയ സമ്മാന തുകയാണ് ഹൃദ്യുത് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് കൈമാറിയത്. 10,000 രൂപയാണ് ഹൃത്യുതിന്റെ സമ്പാദ്യത്തിലുണ്ടായിരുന്നത്.

മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ഹൃദ്യുത്. അമ്മ ഇതേ സ്‌കൂളിലെ ഹൈസ്‌കൂള്‍ അധ്യാപികയും അച്ഛന്‍ കോട്ടയം മലബാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലുമാണ്. നാഷണല്‍ സര്‍വീസ് സ്‌കീം വളന്റിയറായ ഹൃദ്യുത് അടുത്ത ദിവസം മുതല്‍ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാകും.

ദുരിതമനുഭവിക്കുന്നവര്‍ക്ക് മറ്റുള്ളവര്‍ സംഭാവന ചെയ്യുന്നത് കണ്ടാണ് തനിക്കും എന്തെങ്കിലും നല്‍കണമെന്ന് തോന്നിയതെന്നും കഴിയുന്ന സഹായങ്ങള്‍ ഇനിയും ചെയ്യാന്‍ സന്തോഷമേയുള്ളൂവെന്നും ഈ കൊച്ചുമിടുക്കന്‍ പറയുന്നു.