ചൈല്‍ഡ് ലൈന്‍ ആക്ടിവിറ്റി ക്യാമ്പ്

കോട്ടയം: പ്രളയക്കെടുതികളുടെ ഭീതിയില്‍ രക്ഷിതാക്കള്‍ക്കൊപ്പം പേടിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കുട്ടികള്‍ ഇപ്പോള്‍ പാട്ടും കളികളുമായി ആഹ്ലാദത്തിലാണ്. ചൈല്‍ഡ് ലൈന്‍ സംഘടിപ്പിക്കുന്ന ആക്ടിവിറ്റി ക്യാമ്പുകള്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെ അനേകം കുഞ്ഞുങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.

വീട്ടില്‍ വെള്ളം കയറിയതിന്‍റെയും വളര്‍ത്തു മൃഗങ്ങളെയും  പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടതിന്‍റെയും വിഷമങ്ങള്‍ കുട്ടികള്‍ കൗണ്‍സിലര്‍മാരോട് പങ്കുവച്ചു. വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയ പൂച്ചക്കുഞ്ഞിനെ കാണാതെ പോയതിന്‍റെ സങ്കടത്തിലായിരുന്നു വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ക്യാമ്പിലെ ആറാം ക്ലാസിലെ ബെന്‍സി, അഞ്ചാം ക്ലാസിലെ ആരതിയാകട്ടെ വീട്ടില്‍ സുരക്ഷിത സ്ഥാനത്ത് സൂക്ഷിച്ച പാഠപുസ്തകങ്ങള്‍ ക്യാമ്പിലേക്കെടുക്കാന്‍ കഴിയാത്തതിന്‍റെ സങ്കടത്തിലും.

വിവിധ താലൂക്കുകളിലെ ക്യാമ്പുകളില്‍ എത്തിയിട്ടുള്ള 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ചൈല്‍ഡ് ലൈനിന്‍റെ നേതൃത്വത്തില്‍ കൗണ്‍സലിംഗും ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ മാനസികോല്ലാസത്തിനുള്ള പരിപാടികളും നടത്തുന്നത്.

ആദ്യഘട്ട ക്ലാസുകള്‍ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഹാള്‍, പുല്ലരിക്കുന്ന് പള്ളി ഹാള്‍, അയ്മനം സെന്‍റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍, ഒളശ്ശ സി.എം.എസ് ഹൈസ്കൂള്‍, ഇല്ലിക്കല്‍ സെന്‍റ്. ജോണ്‍സ് സ്കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് നടത്തി.

പ്രളയത്തെ അഭിമുഖീകരിച്ച കുട്ടികളുടെ മാനസികോല്ലാസവും സംരക്ഷണവും ലക്ഷ്യമാക്കിയാണ് പരിപാടി നടത്തുന്നതെന്ന് ചൈല്‍ഡ് ലൈന്‍ ജില്ലാ  കോര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ക്യാമ്പുകളും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നത്.