മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: തലസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ ഒന്നിച്ചപ്പോൾ മഴക്കെടുതിയിലായ വടക്കൻ ജില്ലകളിലേക്ക് ആദ്യഘട്ടത്തിൽ നൽകാനായത് ഒരു ബസ് നിറയെ അവശ്യവസ്തുക്കൾ.
ദുരിതമനുഭവിക്കുന്ന ജില്ലകളിലേക്ക് എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ വിവിധ എഞ്ചിനീയറിംഗ് കോളേജുകൾ വഴി ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികളാണ് ചൊവ്വാഴ്ച രാത്രി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽനിന്ന് തിരിച്ചത്.

ആദ്യവാഹനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്തു. അക്കാദമിക മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധത കൂടി വെളിവാക്കുന്ന ഇടപെടലാണ് വിദ്യാർഥികളുടേതെന്ന് മന്ത്രി പറഞ്ഞു.


മലപ്പുറം മഞ്ചേരി ഗവ: സ്‌കൂളിലേക്ക് സാമഗ്രികളുമായി പോകുന്ന ബസിൽ 15 ഓളം എൻ.എസ്.എസ് വോളണ്ടിയർമാർ ഒപ്പമുണ്ട്. ഭക്ഷണവസ്തുക്കൾ, ശുചീകരണ സാമഗ്രികൾ, വസ്ത്രങ്ങൾ, മരുന്നുകൾ, പാത്രങ്ങൾ എന്നിങ്ങനെ വിവിധ വസ്തുക്കളാണ് വിദ്യാർഥികൾ സമാഹരിച്ചത്.

കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കളക്ഷൻ സെൻററിൽ പാപ്പനംകോട് എസ്.സി.ടി കോളേജ്, ഹീര കോളേജ്, സെൻറ് തോമസ് കോളേജ്, മോഹൻദാസ് കോളേജ്, പി.ആർ.എസ് കോളേജ്, രാജധാനി കോളേജ്, ട്രിനിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച വസ്തുക്കളാണ് ആദ്യഘട്ടം സാമഗ്രികൾ ശേഖരിച്ചത്.

ജില്ലയിലെ ബാക്കി എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്ന് സമാഹരിച്ച വസ്തുക്കളുമായി മറ്റൊരു ബസ് ബുധനാഴ്ച പുറപ്പെടും. വെള്ളിയാഴ്ചയാണ് കളക്ഷൻ സെൻറർ പ്രവർത്തനം ആരംഭിച്ചത്. ആവശ്യമുള്ളിടത്തോളം കാലം സെൻററിന്റെ പ്രവർത്തനം തുടരാണ് വിദ്യാർഥികളുടെ തീരുമാനം. സംസ്ഥാനത്തെ 109 എഞ്ചിനീയറിംഗ് കോളേജുകളിൽ കളക്ഷൻ സെൻറർ പ്രവർത്തിക്കുന്നുണ്ടെന്ന് സർവകലാശാല എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ: ജോയ് വർഗീസ് അറിയിച്ചു.