കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് സാങ്കേതിക സഹായവുമായി നൈപുണ്യ കർമസേന. കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഇലക്ട്രിക്, ഇലക്ട്രോണിക്, പ്ലംമ്പിങ്, കാർപെന്ററി തകരാറുകൾ പരിഹരിച്ച് വീടുകൾ വാസയോഗ്യമാക്കുന്നതിന് നൈപുണ്യ കർമസേനയുടെ സഹായം ലഭിക്കും.

സംസ്ഥാനത്തെ ഐടിഐകളിലെ ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ ട്രെയിനികളെ ഉൾപ്പെടുത്തിയാണ് നൈപുണ്യ കർമസേന രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പാണ് ഇത്തരമൊരു അതിജീവന പദ്ധതിക്ക് കഴിഞ്ഞ പ്രളയകാലത്ത് തുടക്കമിട്ടത്.

കഴിഞ്ഞ മഹാപ്രളയത്തിൽ ഹരിത കേരളമിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുമായി ചേർന്ന് ജില്ലാ ഭരണകൂടത്തിൻറെ നിർദേശ പ്രകാരം സംസ്ഥാനത്ത് ആറായിരത്തിലധികം വീടുകളുടെ തകരാറുകൾ കർമസേന പരിഹരിച്ച് വാസയോഗ്യമാക്കിയിരുന്നു. കാലവർഷക്കെടുതി കണക്കിലെടുത്ത് ഈ വർഷവും നൈപുണ്യ കർമസേനയെ എല്ലാ ജില്ലകളിലും സജ്ജമാക്കിയിട്ടുണ്ട്. സേനയുടെ സഹായം ലഭ്യമാക്കുന്നതിനായി വകുപ്പിന്റെ കീഴിലെ നോഡൽ ഐടിഐ പ്രിൻസിപ്പാൾമാരെയും ചുമതലപ്പെടുത്തി.

വയനാട് – കൽപ്പറ്റ ഐടിഐ പ്രിൻസിപ്പാൾ – 9447819524
കോഴിക്കോട് – കോഴിക്കോട് ഐടിഐ – 9447849080
കണ്ണൂർ – കണ്ണൂർ ഐടിഐ 6282734600
മലപ്പുറം – അരീക്കോട് ഐടിഐ 9495669501