പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ കക്കണ്ണിമല പുന്നശേരി കോളനിയിലെ 15 കുടുംബങ്ങളെ താമസിപ്പിച്ചിരിക്കുന്ന ചാന്ദിരത്തില്‍പ്പടി എസ് എന്‍ ഡി പി പ്രാര്‍ഥന ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് വീണാ ജോര്‍ജ് എംഎല്‍എ സ്ഥിതിഗതികള്‍ വിലയിരുത്തി.
കക്കണ്ണിമലയ്ക്കു താഴെ രണ്ടുകിലോമീറ്ററോളം പ്രദേശത്തു താമസിക്കുന്നവരുടെ വീടുകള്‍ക്കു സമീപം ചെറു പാറകള്‍ വീഴാന്‍ തുടങ്ങിയതോടെയാണ് ഇവിടെയുള്ള 15 കുടുംബങ്ങളെ മുന്‍കരുതലെന്ന നിലയില്‍ ജില്ലാ ഭരണകൂടം മാറ്റി താമസിപ്പിച്ചത്. ഇവിടെ അപകടകരമായ സാഹചര്യമുണ്ടെന്ന് ജിയോളജി വകുപ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു.
മഴ മാറിയാലും ഈ പരിസരത്ത് അപകട സാധ്യതയുണ്ടോ എന്നതു സംബന്ധിച്ചും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും വിദഗ്ധ സംഘത്തെക്കൊണ്ടു പരിശോധിപ്പിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. ക്യാമ്പിലുള്ളവരുടെ താമസ സൗകര്യങ്ങളും ഭക്ഷണ കാര്യങ്ങളും എംഎല്‍എ ചോദിച്ചറിഞ്ഞു.
അഞ്ചുദിവസമായി ക്യാമ്പ് തുടങ്ങിയിട്ട്. ആദ്യം 13 കുടുംബങ്ങളും കഴിഞ്ഞ ദിവസം രണ്ടു കുടുംബങ്ങളും ഇവിടെ എത്തി. ക്യാമ്പിലുള്ളവര്‍ക്ക് ഒപ്പം കപ്പയും ചമ്മന്തിയും മത്തി വറുത്തതും കഴിച്ചിട്ടാണ് എംഎല്‍എ മടങ്ങിയത്.നിലവില്‍ ജില്ലയില്‍ ആശങ്കയ്ക്കുവകയില്ലെന്നും മുന്‍കരുതലെന്ന നിലയില്‍ ജാഗ്രത ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. ഇടയ്ക്ക് മഴ ശക്തമാകുന്നതിനാല്‍ നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ട്. എന്നാല്‍ ഡാമുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ല. ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ലാ ഭരണകൂടവും എല്ലാവകുപ്പുകളും സംവിധാനങ്ങളും സജ്ജമാണെന്നും എംഎല്‍എ പറഞ്ഞു.