കൊല്ലം: നെഹ്‌റുവിന്റെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി ഏറിവരികയാണെന്ന് മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന ഈ വര്‍ഷത്തെ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. മതനിരപേക്ഷമായ സാമൂഹ്യക്രമത്തില്‍ നിന്നുകൊണ്ടേ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പെടുക്കാനാകൂവെന്ന കാഴ്ച്ചപ്പാടാണ് നെഹ്‌റു മുന്നോട്ട് വച്ചത്.
 അന്ധവിശ്വാസങ്ങള്‍ പെരുകുന്ന പുതിയ കാലത്ത് ശാസ്ത്രബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച നെഹ്‌റുവിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
വര്‍ഗീയ ചേരിതിരിവുകളും സംഘര്‍ഷങ്ങളും രാജ്യത്ത് വളരുവാന്‍ അനുവദിക്കരുത്. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കണം.  ഇന്ത്യയുടെ ഫെഡറല്‍ മൂല്യങ്ങള്‍ക്ക് നേരെ ഉയരുന്ന ഏത് ഭീഷണിയെയും ചെറുത്തു തോല്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളം മുമ്പില്ലാത്ത വിധത്തിലുള്ള പ്രളയക്കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അന്ധമായ വികസനവാദം അവസാനിപ്പിക്കണം. പ്രകൃതി ചൂഷണം ഇന്ന് പാരമ്യതയിലാണ്. മാനവരാശിയുടെ നിലനില്‍പ്പിന് പ്രകൃതി സംരക്ഷണത്തെക്കുറിച്ച് നാം ബോധവാന്‍മാരാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ്, റൂറല്‍ എസ് പി ഹരിശങ്കര്‍ എന്നിവര്‍ മന്ത്രിക്കൊപ്പം നിലയുറപ്പിച്ചു. മേയര്‍ വി രാജേന്ദ്ര ബാബു സ്വാതന്ത്ര്യ സമര സേനാനികളായ പങ്കുപ്പിള്ള, ഭാസ്‌കരന്‍ എന്നിവരെ ആദരിച്ചു.
എ ആര്‍- ലോക്കല്‍ – വനിത പൊലീസ് വിഭാഗങ്ങള്‍, എക്‌സൈസ്, ഫോറസ്റ്റ്, അഗ്നിരക്ഷാസേന, സ്റ്റുഡന്റ്‌സ് പൊലീസ്, എന്‍ സി സി, സ്‌കൗട്ട്, ജെ ആര്‍ സി, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് ഹെല്‍ത്ത് കേഡറ്റ്, വിവിധ ബാന്റ് സംഘങ്ങള്‍ തുടങ്ങിയ പ്ലാറ്റൂണുകളാണ് അണിനിരന്നത്. ചാത്തന്നൂര്‍ സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ വി എസ് പ്രദീപ് കുമാര്‍ ആയിരുന്നു പരേഡ് കമാണ്ടര്‍.
ബാലികാ മറിയം, ഗവ എച്ച് എസ് വള്ളിക്കീഴ്, വിമലഹൃദയ ഐ സി എസ് ഇ സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ ഡിസ് പ്ലേ അവതരിപ്പിച്ചു. കേന്ദ്രീയ വിദ്യാലയം, ഗവ ടി ടി ഐ കൊല്ലം തുടങ്ങിയവര്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു. സായുധ സേനാപതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള പുരസ്‌കാരം വിമലഹൃദയ കോണ്‍വന്റ് എച്ച് എസ് എസും വിദ്യാഭ്യാസേതര സ്ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാരം കെ എം എം എല്ലും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.
വിവിധ പ്ലാറ്റൂണുകള്‍ക്കും മന്ത്രി മൊമെന്റോകള്‍ സമ്മാനിച്ചു. ഹരിതചട്ടം പാലിച്ചായിരുന്നു ദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്.
എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കെ സോമപ്രസാദ് എം പി, എം നൗഷാദ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി
,ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, അസിസ്റ്റന്റ് കലക്ടര്‍ മാമോനി ഡോലെ,  എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.