മേപ്പാടി സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തുന്നവരെ ആദ്യം സ്വീകരിക്കുക വായനമുറിയെന്ന ഫലകമാണ്. ക്യാമ്പിലെത്തുന്നവർക്ക് ആദ്യം കൗതുകം തോന്നുമെങ്കിലും സംഭവം മനസ്സിലാക്കുമ്പോൾ കുട്ടിപൊലീസിനെ അഭിനന്ദിക്കാതെ വയ്യ… കാലവർഷക്കെടുതിയെ തുടർന്ന് സർവ്വതും ഉപേക്ഷിച്ചെത്തിയവരിൽ മിക്കവരും പത്രവായന ശീലമാക്കിയവരായിരുന്നു. ഇവരുടെ ഈ പ്രയാസം മനസ്സിലാക്കുകയും പുറംലോകത്ത് നടക്കുന്ന കാര്യങ്ങൾ ക്യാമ്പിലെത്തിക്കാനുമായാണ് ആദ്യം വായനമുറിയൊരുക്കിയത്. ഈ ആശയം പത്ര ഏജന്റുമാരിലെത്തിയപ്പോൾ അവർ സൗജന്യമായി എത്രകാലവേണമെങ്കിലും പത്രം തരാമെന്നും ഏറ്റു. പീന്നിട് ആവശ്യമായ സൗകര്യമൊരുക്കി ഒരു വായനമുറി തുറന്നു. ഇന്നിവിടെ മലയാളത്തിലെ പ്രചാരത്തിലുള്ള മിക്ക പത്രങ്ങളും ചില മാഗസിനുകളും വരുന്നുണ്ട്. പത്രങ്ങളും മാഗസിനുകളും ചിട്ടയായി അടക്കിവയ്ക്കാനും കുട്ടിപൊലീസ് രംഗത്തുണ്ട്. പത്രം പുറത്തു കൊണ്ടുപോവാനും അനുവദിക്കില്ല. ക്യാമ്പിലെ കുട്ടികൾക്ക് പഠനം സൗകര്യമൊരുക്കാൻ രാവിലെ ആറു മുതൽ എട്ടു വരെയും വൈകീട്ട് ആറിനു ശേഷവും വായനമുറി പഠനമുറിയായും മാറും.
കാലവർഷക്കെടുതിയെ തുടർന്ന് മേപ്പാടി എച്ച്എസ്എസ്സിലെ തന്നെ പതിനാലോളം സ്റ്റുഡന്റ് പൊലീസ് കാഡറ്റ് അംഗങ്ങൾക്ക് നാശനഷ്ടങ്ങൾ നേരിട്ടുണ്ട്. എന്നാൽ ഈ ദുഖങ്ങളെല്ലാം അതിജീവിച്ചും ഈ കുട്ടിസംഘം ക്യാമ്പിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണെന്ന പത്രവാർത്ത അറിഞ്ഞെത്തിയ ജില്ലാ നോഡൽ ഓഫീസർ ഡിവൈ.എസ്.പി വി. റജികുമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്‌ഐ എം.സി സോമൻ, സ്‌കൂളിലെ ഡ്രിൽ ഇൻട്രക്ടർ അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് വായനമുറി, പഠനമുറി എന്നീ ആശയത്തിന് തുടക്കം കുറിച്ചത്. അടുത്ത ദിവസങ്ങളിലെ മഴയുടെ സാഹചര്യം നോക്കി പഠനമുറി കൂടുതൽ സജീവമാക്കാനാണ് തീരുമാനം. മേപ്പാടി ജിഎച്ച്എസ്എസ്സിലെ ദുരിതാശ്വാസ ക്യാമ്പിൽ 163 കുടുംബങ്ങളിൽ നിന്നായി 483 പേരുണ്ട്.