സന്നദ്ധപ്രവര്‍ത്തകര്‍ക്ക്  0495 2373900, 2375300 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം
പ്രളയജലത്തില്‍പ്പെട്ടു ചളിയും മാലിന്യവും നിറഞ്ഞ വീട്. എന്ത് ചെയ്യും എന്നു ഓര്‍ത്തു പകച്ചു നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക്  സഹായഹസ്തവുമായി കാത്തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. ജില്ലയിലെ ദുരിതബാധിതരെ സഹായിക്കാനായി കലക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഹെല്‍പ് ഡെസ്‌കില്‍ നിന്നാണ് വീട് വൃത്തിയാക്കുന്നതിന്  ഉള്‍പ്പെടെ  സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുന്നത്.
ജില്ലാ കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഹെല്‍പഡെസ്‌കിന്റെ ഭാഗമായി 14,800 എന്‍എസ്എസുകാരടക്കം 49,564 വളണ്ടിയര്‍മാരാണ് ദുരന്തമേഖലകളില്‍ കര്‍മ്മനിരതരായുള്ളത്. ചിലര്‍ പ്രവര്‍ത്തകരുടെ എണ്ണം നല്‍കാതെ സംഘടനയുടെ പേര് മാത്രമാണ് നല്‍കിയത്. അതിനാല്‍ സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകും.
സന്നദ്ധപ്രവര്‍ത്തകരുടെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള പ്രദേശം തുടങ്ങിയ വിശദമായവിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. നാലായിരത്തിലധികം ടെക്‌നീഷ്യന്‍മാരും സന്നദ്ധപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
പഞ്ചായത്ത്/നഗരസഭ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ ആവശ്യപ്പെടുന്നമുറക്ക് ഹെല്‍പ് ഡെസ്‌കിന്റെ സഹായത്താല്‍ സന്നദ്ധ പ്രവര്‍ത്തകരെ ദുരിതമേഖലകളില്‍ എത്തിക്കുന്നുണ്ട്. വീടുകള്‍, കടകള്‍ എന്നിവ ശുചീകരിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. ബുധനാഴ്ച 2,500 പ്രവര്‍ത്തകരാണ് കോര്‍പറേഷനില്‍ മാത്രം ശുചീകരണത്തിനിറങ്ങിയത്.
പ്രവര്‍ത്തനം പൂര്‍ത്തിയായോ എന്ന് അതത് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുമായും ചുമതല ഏല്‍പ്പിച്ച സന്നദ്ധപ്രവര്‍ത്തകരുമായും സംസാരിച്ച് ഉറപ്പുവരുത്താനും ഹെല്‍പ്ഡെസ്‌ക് ശ്രദ്ധിക്കുന്നുണ്ട്. എത്ര വീടുകള്‍, കടകള്‍ എന്നിവയെ പ്രളയം ബാധിച്ചു, ശുചീകരിച്ചു, എത്ര ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, എവിടെയൊക്കെ എന്തൊക്കെ സാധനങ്ങള്‍ ആവശ്യമുണ്ട് എന്ന വിവരങ്ങളും ഹെല്‍പ്ഡെസ്‌കില്‍ ലഭ്യമാണ്.
ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലും അവിടുത്തെ സെക്രട്ടറിയോ സെക്രട്ടറി നിര്‍ദ്ദേശിക്കുന്നവരോ ആയ രണ്ടു പേരടങ്ങുന്ന ഹെല്‍പ്ഡെസ്‌കും പ്രവര്‍ത്തിക്കുന്നുണ്ട്.  ബുധനാഴ്ച സിഡബ്ലുആര്‍ഡിഎമ്മിലെ ഡോക്ടര്‍ ഹരികുമാറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മുക്കം, രാമനാട്ടുകര, ഒളവണ്ണ, കടലുണ്ടി, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയും സൂപ്പര്‍ ക്ലോറിനേഷനെ കുറിച്ചുള്ള അവബോധവും നല്‍കി.
ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ്, ശുചിത്വ സാക്ഷരത കോ-ഓര്‍ഡിനേറ്റര്‍ യു പി ഏകനാഥന്‍, എനര്‍ജി മാനേജ്മെന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതി, ദേവകിയമ്മ കോളജ് ഓഫ് ആര്‍ക്കിടെക്ട്, എന്‍എസ്എസ് എന്നിവയിലെ സന്നദ്ധപ്രവര്‍ത്തകരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്ഡെസ്‌കില്‍ സേവനമനുഷ്ഠിക്കുന്നത്. ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍ എ രാജേഷാണ് ഹെല്‍പ്ഡെസ്‌കിലെ പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്നത്. ദുരിതമേഖലകളില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക്  0495 2373900, 2375300 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.