ആലപ്പുഴ: കുട്ടനാട്ടിൽ മടവീഴ്ചയുണ്ടായ കനകാശ്ശേരി, ആറുപങ്ക് പാടശേഖരങ്ങളിലെ പുറം ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ മണൽ തോട്ടപ്പള്ളിയിൽ നിന്ന് ടോറസ് ലോറികളിൽ ആലപ്പുഴ ഫിനിഷിങ് പോയിന്റിൽ എത്തിച്ചു.

ചാക്കുകെട്ടുകളിൽ മണൽ നിറച്ചാണ് മടവീഴ്ചയുണ്ടായ പാടശേരങ്ങളുടെ ബണ്ട് നിർമ്മാണത്തിനായി ഉപയോഗിക്കുക. മടവീഴ്ചയുണ്ടായ കൈനകരി കനകാശ്ശേരി, ആറ് ബങ്ക് പാടശേഖരങ്ങളിലെ പുറം ബണ്ടിന്റെ നിർമ്മാണം പൂർത്തിയാക്കി പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്തു വറ്റിച്ചാൽ മാത്രമേ ഇതിന് സമീപത്തെ താമസക്കാരായ 830  കുടുംബങ്ങൾക്ക് തിരിച്ചു പോകാൻ സാധിക്കൂ. ചരിത്രത്തിലാദ്യമായാണ് മടവീഴ്ചയുണ്ടായി രണ്ട് ദിവസത്തിനകം തന്നെ പുറം ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അരംഭിച്ചതെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു.

20മീറ്റർ വീതിയിൽ മണൽ ചാക്ക് നിരത്തിയുള്ള പുറം ബണ്ടിന്റെ നിർമ്മാണം 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ കർഷകരുടെ ദീർഘകാല ആവശ്യമായിരുന്ന പുറം ബണ്ടിന്റെ ബലപ്പെട്ടുത്തൽ നടപടികൾ അടുത്ത രണ്ടാം കൃഷിക്ക് മുൻപായി പൂർത്തിയാക്കും. യുദ്ധകാല അടിസ്ഥാനത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ നടത്തുമെന്നും റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനാവശ്യമായ തുക ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

മഴക്കാലത്ത് എ.സി. റോഡിലുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി നിലവിൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ എലിവേറ്റഡ് ഹൈവേ നിർമ്മിച്ച് ഗതാഗത തടസ്സം പൂർണ്ണമായും ഒഴിവാക്കും. മഴക്കാലത്ത് ഉണ്ടാകുന്ന അമിത ജലത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതെയിരിക്കാനാണ് റോഡ് ഉയർത്തുന്നതിന് പകരം എലിവേറ്റഡ് ഹൈവേ രീതിയിൽ നിർമ്മിക്കുന്നത്.

മടവീഴ്ചയുണ്ടായ പാടശേഖരങ്ങളുടെ പുറം ബണ്ടിൽ താമസിക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവരാണ് മണൽ ചാക്ക് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ദിവസ വേതനം ഇവർക്ക് നൽകും. പ്രിൻസിപ്പൾ കൃഷി ഓഫീസർ ലതാ ജി. പണിക്കർ, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഷീല, പഞ്ചായത്ത് സെക്രട്ടറി വിനോദ് എന്നിവരാണ് മണൽ ചാക്ക് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.