കാസർഗോഡ്: ജനോപകാരപ്രദമായ രീതിയില്‍  നയങ്ങളും നിയമങ്ങളും ഭരണ സംവിധാനം  നടപ്പാക്കുമ്പോഴാണ് അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും അതിന്റെ ഗുണഫലം ലഭിക്കുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ.ചന്ദശേഖരന്‍ പറഞ്ഞു.
ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വീഡിസെര്‍വ് പദ്ധതിയുടെ ഭാഗമായി പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.ജില്ലാഭരണംകൂടം നടപ്പിലാക്കുന്ന വി-ഡിസെര്‍വ്വ് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
2016ലെ ദേശീയ അംഗ പരിമിത നിയമം പൂര്‍ണമായ രീതിയില്‍ നടപ്പാക്കിയ കാസര്‍കോട് ജില്ലാ ഭരണകൂടം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്.  ആനുകൂല്യങ്ങളുടെ വിതരണം സുതാര്യവും ശാസ്ത്രീയവുമാകുമ്പോള്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും അത് ലഭ്യമാകും.
പലപ്പോഴും സഹായങ്ങള്‍ ലഭിച്ചവര്‍ക്ക് തന്നെ വീണ്ടും വീണ്ടും ലഭിക്കുന്നുവെന്ന ആരോപണമുണ്ട്. അര്‍ഹതപ്പെട്ടവരില്‍ പലര്‍ക്കും സഹായം നിഷേധിക്കപ്പെടുന്നുവെന്ന പരാതി ഒഴിവാക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.