ഓണാഘോഷങ്ങളുടെ മറവില്‍ അനധികൃത മദ്യവില്‍പ്പനയും കടത്തും തടയുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് ജില്ലയിലും സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന കര്‍ണാടക ഭാഗങ്ങളിലും പരിശോധന ശക്തമാക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ജില്ലാ ജനകീയ കമ്മിറ്റി യോഗം തീരുമാനിച്ചു.

വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും എഡിഎം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വ്യാജമദ്യം, ലഹരി വില്‍പ്പനക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ജില്ലയില്‍ സെപ്തംബര്‍ 15 ന് രാത്രി 12 വരെ ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് കാലമായി കണക്കാക്കി കാസര്‍കോട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.
കാസര്‍കോട്, ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ ഓരോ  സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും ആരംഭിച്ചിട്ടുണ്ട്. ഓണാഘോഷ വേളകളിലും അതിനു മുന്നോടിയായും വ്യാജവാറ്റ്, വ്യാജമദ്യ വ്യാപനം, സ്പിരിറ്റ് കടത്ത്, വ്യാജമദ്യ നിര്‍മ്മാണം, സ്പിരിറ്റ് ചാരായമായും നിറം കലര്‍ത്തി വിദേശമദ്യമായും ഉപയോഗിക്കല്‍, കള്ളില്‍ വീര്യവും അളവും കൂട്ടാനുളള മായം ചേര്‍ക്കലുകള്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ നടക്കുവാന്‍ സാധ്യതയുളളതിനാല്‍ തടയുന്നതിന് വേണ്ടിയാണ് ഇവ ആരംഭിച്ചത്.
പൊതുജനങ്ങള്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച വിവരങ്ങള്‍  ഈ ഓഫീസുകളില്‍ അറിയിക്കാം. ടോള്‍ഫ്രീ നമ്പര്‍ (കണ്‍ട്രോള്‍ റൂം)   155358, എക്‌സൈസ് ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് 04994 257060.
യോഗത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാത്യു കുര്യന്‍, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ലഹരിവിരുദ്ധ ജനകീയ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.