കഴിഞ്ഞ പത്ത് വർഷത്തിനിടെ പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലാതല പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. നവകേരളം കർമ്മപദ്ധതി-2 ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പരിസ്ഥിതി സെമിനാറിന്റെയും ബജറ്റ് പദ്ധതികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സരിത നിർവ്വഹിച്ചു. ഫെബ്രുവരി 23ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായാണ് ഈ സെമിനാർ സംഘടിപ്പിച്ചത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എസ്.ബി. രാജു അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാവി കാഴ്ചപ്പാടുകളെക്കുറിച്ച് സംസ്ഥാന മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.യു. സഞ്ജീവ് സംസാരിച്ചു. നാടിന്റെ പച്ചപ്പ് നിലനിർത്തുന്നതിനും ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന ഇടപെടലുകൾ ചർച്ചയിൽ പ്രാധാന്യം നേടി.

സെമിനാറിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, ഉപന്യാസ മത്സരങ്ങളിലെ വിജയികൾക്കും മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹരിത കർമ്മ സേനാംഗങ്ങൾക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും വിതരണം ചെയ്തു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പി. സെയ്തലവി സ്വാഗതവും റിൻഷ എ. നന്ദിയും പറഞ്ഞു.