കാസർഗോഡ്: പ്രളയക്കയത്തില്‍ ദുരിതം നേരിട്ടുകൊണ്ടിരിക്കുന്ന കാസര്‍കോടന്‍ ജനതയ്ക്ക് ആശ്വാസമായി നൈപുണ്യകര്‍മ്മ സേന. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ ഐ.ടി.ഐ കളിലെ 26 ഓളം ഇന്‍സ്ട്രക്ടര്‍മാര്‍ 60 ഓളം ട്രെയിനിമാര്‍ എന്നിവരടുങ്ങുന്ന സംഘമാണ് നൈപുണ്യകര്‍മ്മ സേനയില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്‍സ്ട്രക്ടര്‍മാരായ മനോജ് കുമാര്‍, ജയപ്രകാശ് ,ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രളയം സാരമായി ബാധിച്ച വീടുകളില്‍ തകരാറിലായ വയറിംഗ്, പ്ലംബിംഗ്, കാര്‍പ്പെന്ററി,  ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ റിപ്പയറിംഗിലൂടെയാണ് നൈപുണ്യകര്‍മ്മ സേന സേവനം നല്‍കുന്നത്.
ഈ വര്‍ഷത്തെ പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച നിലേശ്വരം മുനിസിപ്പാലിറ്റി, ചെറുവത്തൂര്‍, കയ്യൂര്‍- ചീമേനി, പടന്ന, ഗ്രാമ പഞ്ചായത്തുകളില്‍ സേന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .സന്നദ്ധ സേവനം എന്ന നിലയില്‍ സൗജന്യമായി പ്രവര്‍ത്തിക്കുന്ന നൈപുണ്യകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിലൂടെ ഇതുവരെയായി 72 മോട്ടോര്‍ പമ്പ് സെറ്റ്,60 ഇലക്ട്രിക്കല്‍ വയറിംഗ്,62 പ്ലംബിംഗ്, 25 റഫ്രിജറേറ്റര്‍, 17ഫാന്‍ മുതലായ ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സേനയുടെ പ്രവര്‍ത്തനം ജില്ലയില്‍ ലഭ്യമാക്കുമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ അറിയിച്ചു.