*പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു

പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ എത്തിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്‌സി ഡേ  പ്രചാരണ പരിപാടിക്ക് തുടക്കമായി.  തമ്പാനൂർ ബസ് സ്റ്റാന്റിലെ വഴികാട്ടി സെന്ററിൽ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

പ്രളയ സാഹചര്യത്തിൽ വെള്ളമിറങ്ങുന്നതോടെ ജന്തുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടരാനുള്ള സാധ്യത ഏറെയാണെന്നും പ്രളയ ബാധിതരും സന്നദ്ധപ്രവർത്തനത്തിനിറങ്ങുന്നവരും ഉറപ്പായും എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്നും മന്ത്രി പറഞ്ഞു. ഒരു കോടിയലധികം ഡോക്സിസൈക്ലിൻ ഗുളിക ശേഖരിച്ചിട്ടുണ്ട്. എച്ച് വൺ എൻ വൺ  ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പകർച്ചവ്യാധി ലക്ഷണം കാണുന്നവർ ഉടൻ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് ദുരിത ബാധിത ജില്ലകളിലേക്ക് സന്നദ്ധപ്രവർത്തനത്തിന് പോകുന്ന യുവാക്കൾക്ക് ആരോഗ്യമന്ത്രി ഡോക്സിസൈക്ലിൻ ഗുളിക വിതരണം ചെയ്തു. നിലവിൽ പ്രളയബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ഗുളികവിതരണം നടന്നു വരികയാണ്.

ഡോക്‌സി സൈക്ലിൻ ഫലപ്രദമാകണമെങ്കിൽ മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ എത്രയും വേഗം ഗുളിക കഴിക്കണം. ഈ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും മലിനജലവുമായി സമ്പർക്കമുണ്ടായവർ എല്ലാപേരും ഗുളിക കഴിച്ചുവെന്നു ഉറപ്പു വരുത്താനുമായാണ്  ഡോക്‌സി ഡേ സംഘടിപ്പിക്കുന്നത്.

പ്രളയം/മലിനജലവുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവർ 200 എം.ജി. (100 എം.ജി. വീതമുള്ള 2 ഗുളികകൾ) കഴിക്കണം. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവുകളുണ്ടെങ്കിൽ തുടർച്ചയായി അഞ്ചു ദിവസം ഡോക്സിസൈക്ലിൻ 100 എം.ജി. രണ്ട് നേരം കഴിച്ചുവെന്ന് ഉറപ്പാക്കണം.

ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികൾ, കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾ, ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ നിശ്ചയിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഗുളിക വിതരണം നടത്തും.

പ്രളയബാധിത പ്രദേശങ്ങളിലെ മുഴുവൻ ആളുകളും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ഗുളിക കഴിച്ച് എലിപ്പനിയിൽ നിന്നും രക്ഷ നേടണം. എലിപ്പനിക്ക് ആവശ്യമായ മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ലഭ്യമാക്കിയിട്ടുണ്ട്.
എൻ. എച്ച്. എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ഡോ. വി. മീനാക്ഷി, ഡോ. രാജു, ഡോ. പി. വി. അരുൺ, ഡോ. അമർ എസ്. ഫെറ്റിൽ, ഡി. എം. ഒ. ഡോ. പ്രീത പി. പി. തുടങ്ങിയവർ സംബന്ധിച്ചു.