പത്തനംതിട്ട: കാലവര്‍ഷക്കെടുതിയില്‍ സര്‍വവും നഷ്ടമായി, ഇനി എങ്ങനെ ജീവിക്കും ഞങ്ങള്‍… എന്നിങ്ങനെ നീളുന്ന വിലാപങ്ങള്‍ കണ്ടും, കേട്ടുമാണ് പെരുനാട് പഞ്ചായത്തിലെ നന്മ ബാലസംഘം കൂട്ടുകാര്‍ ഞൊടിയിടയില്‍ പിരിച്ചെടുത്ത തുകയുമായി ജില്ലാ കളക്ടര്‍ പി.ബി നൂഹിനെ സമീപിച്ചത്.
‘കുട്ടിക്കുടുക്കകളില്‍ നിന്നുള്ളതും, സുമനസുകളുടെ സഹായവും മാത്രമേ ഉളളൂ സാറേ’, അധികമൊന്നും ഇല്ല എന്നു പറയുമ്പോഴും ആ കുഞ്ഞു മനസുകളില്‍ പ്രളയദുരിതം അനുഭവിച്ചവരെ സഹായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമാണ് നിറയെ. അഞ്ചാം ക്ലാസുകാരി ആദിത്യയാണ് ദുരിതബാധിതരെ സഹായിക്കുന്നതു സംബന്ധിച്ച ആശയം  ആദ്യമായി കൂട്ടുകാരോട് പങ്കു വച്ചത്.
മൂന്നാം ക്ലാസുകാരായ ദേവികയും, കൃഷ്ണയും, അഭിനവും, അഞ്ചാം ക്ലാസുകാരി ശ്രീപ്രഭയും, ആറാം ക്ലാസുകാരി ആവണിയും, ഏഴാം ക്ലാസുകാരി കാവ്യലക്ഷ്മിയും ഒപ്പം ചേര്‍ന്നതോടെ പെട്ടന്നു തന്നെ തുക സമാഹരിക്കാന്‍ കഴിഞ്ഞു. സ്വന്തമായി നിക്ഷേപിച്ചതും, സംഭാവനകളുമായി 3650 രൂപയാണ് കുരുന്നുകള്‍ ജില്ലാ കളക്ടര്‍ പി ബി നൂഹിന് കൈമാറിയത്. ഈ കൊച്ചു വലിയ നന്മകള്‍ കാണാതെ പോകരുതെന്നും, ഈ കുരുന്നുകളെയാണ് നമ്മള്‍ ഉയര്‍ത്തി പിടിക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.