പത്തനംതിട്ട: എലിപ്പനിക്കെതിരായ രോഗപ്രതിരോധ ബോധവത്കരണ നടപടിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്‌സി ഡേ കളക്ടറേറ്റില്‍  ആചരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിച്ച് ഡോക്‌സി ഡേയ്ക്ക് തുടക്കം കുറിച്ചു. പ്രളയജലവുമായി സമ്പര്‍ക്കമുളളവര്‍ക്ക് എലിപ്പനി പിടിപെടാനുളള സാധ്യത കണക്കിലെടുത്താണ് ജില്ലയില്‍ വിപുലമായ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.
എല്ലാവരും നിര്‍ബന്ധമായും ഗുളിക കഴിക്കണമെന്നും, ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, തെരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം ഡോക്‌സി ബൂത്തുകള്‍ സ്ഥാപിച്ചാണ് ഡോക്‌സിസൈക്ലിന്‍ ഗുളികള്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.
ഗുളികള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും ലഭ്യമാണ്. ഗര്‍ഭിണികളും, കുഞ്ഞുങ്ങളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഗുളിക കഴിക്കാന്‍ പാടുളളൂവെന്നും കളക്ടര്‍ പറഞ്ഞു. ചടങ്ങില്‍ ഡി എം ഒ(ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. സി.എസ് നന്ദിനി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ബീനാറാണി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.