പത്തനംതിട്ട: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് സാന്ത്വനമേകാന്‍ തന്റെ ആട്ടിന്‍ പറ്റങ്ങളില്‍ ഒന്നിനെ വീട്ടമ്മ ജനമൈത്രി പോലീസ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. തണ്ണിത്തോട് മൂര്‍ത്തിമണ്‍ സ്വദേശി നിരവേല്‍വീട്ടില്‍ സജികുമാരിയാണ് തന്റെ ഉപജീവനമാര്‍ഗമായ ആട്ടിന്‍ പറ്റങ്ങളില്‍ നിന്നും ഒരെണ്ണത്തിനെ എസ്ഐ എ.പി. ബാബുരാജിനെ ഏല്‍പ്പിച്ചത്.
പ്രളയ ദുരന്തത്തിന്റെ വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ അവരെ സഹായിക്കാന്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണമെന്നുള്ള ആഗ്രഹമായിരുന്നു സജികുമാരിക്ക്. എന്നാല്‍, കൈയില്‍ പൈസ ഒന്നും എടുക്കാനുമില്ല. എന്ത് ചെയ്യണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തണ്ണിത്തോട് സ്റ്റേഷനിലെ ജനമൈത്രി ചുമതലയുള്ള പോലീസുകാര്‍ ദുരിത ബാധിതരെ സഹായിക്കാന്‍ അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ എത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല ആടിനെയങ്ങ് പിടിച്ചു കൊടുത്തു.
ആടിനെ വിറ്റു കിട്ടുന്ന കാശ് എത്രയുണ്ടെങ്കിലും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അറിയിച്ചാണ്  ആടിനെ പോലീസിന് കൈമാറിയത്. വെള്ളിയാഴ്ച്ച ആടിനെ വിറ്റുകിട്ടിയ 2500 രൂപ ഫെഡറല്‍ ബാങ്കിന്റെ തണ്ണിത്തോട് ശാഖ വഴി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന് എസ്.ഐ ബാബുരാജ് പറഞ്ഞു. ജനമൈത്രി പോലീസ് അംഗങ്ങളായ സന്തോഷ്, ബൈജു, ബിജു, ജെസി എന്നിവരും എസ്ഐയോടൊപ്പമുണ്ടായിരുന്നു