പത്തനംതിട്ട: തങ്ങള്‍ക്ക് ലഭിച്ച തുണിത്തരങ്ങള്‍, അരി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വടക്കന്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന് കൈമാറി തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലെ പ്രളയബാധിതര്‍. തിരുവല്ല കുറ്റപ്പുഴ വില്ലേജിലെ മംഗലശേരി, ആറ്റുമാലി, കണ്ണാടി താഴ്ചയില്‍, പുളിക്കത്തറ കുഴിയില്‍ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്  ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകേണ്ടി വന്നവരാണിവര്‍. 70 കുടുംബങ്ങളിലെ 276 പേരാണ് ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസിലെ ക്യാമ്പില്‍ കഴിഞ്ഞത്.

ദുരിതത്തിലായ ഇവര്‍ക്ക് സഹായവുമായി സന്നദ്ധ സംഘടനകളും വ്യക്തികളും ക്യാമ്പില്‍ എത്തിയിരുന്നു. ഇങ്ങനെ ലഭിച്ച അവശ്യവസ്തുക്കളാണ് തങ്ങളേക്കാള്‍ കെടുതികള്‍ക്ക് ഇരയായ വടക്കന്‍ ജില്ലകളിലെ സഹജീവികള്‍ക്കായി സംഭാവന നല്‍കിയത്. ജില്ലാഭരണകൂടത്തിനു വേണ്ടി തിരുവല്ല തഹസീല്‍ദാര്‍ നവീന്‍ബാബു ദുരിതാശ്വാസ സാധനങ്ങള്‍ ഏറ്റുവാങ്ങി.  കൗണ്‍സിലര്‍ അജിത, പോലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ്, കളക്ഷന്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ ജോണ്‍ വര്‍ഗീസ്, ഡെപ്യുട്ടി തഹസീല്‍ദാര്‍ മുരളീധരന്‍ പിള്ള, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് റജികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.