പത്തനംതിട്ട: പ്രളയബാധിതര്‍ക്ക് വീണ്ടും സഹായവുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്‍. ജില്ലയിലെ 58 സി ഡി എസുകളില്‍ നിന്ന് സമാഹരിച്ച അവശ്യവസ്തുക്കള്‍ നിറച്ച രണ്ടു ടോറസ് ലോറികള്‍ തിരുവല്ലയില്‍ നിന്നു പുറപ്പെട്ടു. വയനാട്, നിലമ്പൂര്‍ പ്രദേശങ്ങളിലെ  ദുരിതബാധിതര്‍ക്കാണ്  സാധനങ്ങള്‍ എത്തിക്കുക.

തിരുവല്ല കുടുംബശ്രീ  വില്ലേജ് സൂക്കില്‍ നടന്ന ചടങ്ങ് കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ കെ വിധു ഫ്‌ളാഗ് ഓഫ് ചെയ്തു.  25 ലക്ഷം രൂപയുടെ സാധനങ്ങളാണ് വടക്കന്‍ ജില്ലകളില്‍ പ്രളയത്തിന് ഇരയായാവര്‍ക്കായി കുടുംബശ്രീ അയച്ചത്. ഗ്യാസ് സ്റ്റൗ, ഗ്ലാസ്, പ്ലെയിറ്റ് തുടങ്ങിയ അടുക്കള ഉപകരണങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍. കൂടാതെ ഭക്ഷ്യ സാധനങ്ങള്‍, അരി എന്നിവയും ശേഖരിച്ച് അയച്ചു.

പന്തളത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക്, തിരുവല്ലയിലെ വില്ലേജ് സൂക്ക്, ഇലന്തൂര്‍ കമ്യൂണിറ്റി ഹാള്‍, കോഴഞ്ചേരി, റാന്നി പഴവങ്ങാടി, വടശേരിക്കര, കോന്നി, അടൂര്‍ സിഡിഎസ് ഓഫീസുകള്‍, പറക്കോട്  വി ഇ പി ബ്ലോക്ക് ഓഫീസ്, മലയാലപുഴ അമിനിറ്റി സെന്റര്‍ എന്നിങ്ങനെ പത്ത് ശേഖരണ കേന്ദ്രങ്ങളിലൂടെയാണ് ജില്ലാ മിഷന്‍ സാധനങ്ങള്‍ സമാഹരിച്ചത്.

കഴിഞ്ഞ ദിവസം 35 ലക്ഷം രൂപയുടെ അവശ്യ സാധനങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ നാല് ടോറസ് ലോറികളിലായി വടക്കന്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കായി അയച്ചിരുന്നു. ഇതോടൊപ്പം സന്നദ്ധ പ്രവര്‍ത്തനത്തിനായി ജില്ലാ കുടുംബശ്രീ മിഷന്റെ 20 അംഗ സംഘവും പോയിരുന്നു.

എ ഡി എം സിമാരായ എ മണികണ്ഠന്‍, കെ.എച്ച് സെലീന എന്നിവര്‍ നേതൃത്വം നല്‍കി. ഡി പി എംമാരായ ഷീബ, ഉണ്ണികൃഷ്ണന്‍,  സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ഓമന, രമണി, ആശ സുദര്‍ശനന്‍, രാധാമണി തുടങ്ങിയവര്‍ പങ്കെടുത്തു.