കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ നടപ്പിലാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളുടെ പരിധിയിലുള്ള  പഞ്ചായത്തുകളില്‍ ഒരു ലക്ഷം ഫലവൃക്ഷ തൈകള്‍ നടുന്നതിന് തുടക്കമിട്ടു.

ഓരോ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തു പ്രസിഡന്റുമാര്‍ തൈകള്‍ നടാന്‍  നേതൃത്വം നല്‍കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാഗമായാണ് യജ്ഞം ആരംഭിക്കുന്നത്.

മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളില്‍ സെപ്റ്റംബര്‍ 15നകം മികച്ച ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തൈകള്‍ നടുന്നത്. കശുവണ്ടി വികസന കോര്‍പറേഷന്‍, കേരള സ്‌പൈസസ് ബോര്‍ഡ്, ഇന്റഗ്രേറ്റഡ് വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് പ്രോഗ്രാം ( ഐ.ഡബ്ല്യു.എം.പി), മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് ഫലവൃക്ഷതൈകള്‍ ലഭ്യമാക്കുന്നത്.

ജലസംരക്ഷണവും മഴവെള്ളക്കൊയ്ത്തും, പരമ്പരാഗത ജലാശയങ്ങളുടെ നവീകരണം, കുഴല്‍ കിണര്‍ റീചാര്‍ജിംഗ്, വാട്ടര്‍ഷെഡ് ഡെവലപ്‌മെന്റ്, വന വത്ക്കരണം എന്നീ വിഭാഗങ്ങളിലുള്‍പ്പെടുത്തിയാണ് ബ്ലോക്ക് പഞ്ചായത്തുകളില്‍ ജലസംരക്ഷണ മാര്‍ഗങ്ങള്‍ നടപ്പിലാക്കേണ്ടത്. വനവത്ക്കരണത്തിന്റെ ഭാഗമായാണ് തൈകള്‍ നടാന്‍ ആരംഭിച്ചത്.

അതീവ ഗുരുതര വരള്‍ച്ചാ നടുന്നത് മേഖലയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിറ്റൂര്‍ ബ്ലോക്കില്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ തൈകളാണ് നടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി ചെയ്യുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം പരിശോധന നടത്തും.

പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 15നകം പൂര്‍ത്തീകരിക്കും. നടുന്ന തൈകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി മൂന്ന് വര്‍ഷം വരെ പരിപാലിക്കുമെന്ന് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു.