വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ മരുന്നുകളും അവശ്യവസ്തുക്കളുമായി ആരോഗ്യ കേരളം. ഇടുക്കി, തിരുവന്തപുരം ജില്ലകളിലെ ആരോഗ്യ കേരളം പ്രവർത്തകരാണ് ദുരിതബാധിതർക്ക് സഹായവുമായി എത്തിയത്. ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സുജിത്ത് സുകുമാരന്റെ നേതൃത്വത്തിൽ എത്തിയ എഴംഗസംഘം രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളാണ് ലഭ്യമാക്കിയത്.

വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കുള്ള ബാഗ്, നോട്ട്ബുക്ക്, പേന, പെൻസിൽ, കുട എന്നിവ അടങ്ങുന്ന കിറ്റുകളാണ് അധികവും. കൂടാതെ ബെഡ്ഷീറ്റ്, നൈറ്റി, പുതപ്പ്, തോർത്ത്, അടിവസ്ത്രങ്ങൾ എന്നിവയടങ്ങുന്ന 50 കുടുംബങ്ങൾക്കുള്ള കിറ്റും 225 ജോടി ചെരുപ്പുകളും ബിസ്‌ക്കറ്റ്, ഓട്‌സ്, അരിപ്പൊടികൾ എന്നിവയടക്കമുള്ള ഭക്ഷണ സാധനങ്ങളുമുണ്ട്.

മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലേക്ക് കൈമാറിയ സാധനങ്ങൾ സബ് കളക്ടർ എൻ.എസ്.കെ ഉമേഷ് എറ്റുവാങ്ങി. ഡിഎംഒ ഡോ. ആർ രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

എൻ.എച്ച്.എം സ്റ്റേറ്റ് അഡ്മിൻ മാനേജർ സുരേഷ്, തിരുവനന്തപുരം ഡിപിഎം ഡോ. പി.വി അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരുന്നുകളടക്കം നാലു ലക്ഷം രൂപയുടെ സാധനങ്ങളാണ് എത്തിച്ചത്.

മുണ്ടക്കൈ പുഞ്ചിരിമട്ടം പണിയ കോളനിയിലെ നാല് കുടുംബങ്ങൾക്കടക്കം പ്രദേശത്തെ ദുരിതത്തിലായ നിരവധി വീട്ടുകാർക്ക് സാധന സാമഗ്രികൾ വിതരണം ചെയ്തു. മുണ്ടക്കൈ എച്ച്.എം.എൽ എസ്‌റ്റേറ്റ് പാടിയിലും വെള്ളരിമല വില്ലേജ് ഓഫീസ് പരിസരത്തെ നാല് ആദിവാസി കുടുംബങ്ങൾക്കും സഹായമെത്തിച്ചു.

തിരുവനന്തപുരം ജില്ലയിൽനിന്നുള്ള പാലിയേറ്റീവ് പ്രവർത്തകരും സന്നദ്ധ സേവനത്തിന് തയ്യാറായ ക്ലീനിങ് സംഘവും ഇവർക്കൊപ്പമുണ്ടായിരുന്നു. ദുരിതബാധിത മേഖലയിൽ സഹായമെത്തിച്ചതിനുശേഷമുള്ള സാധന സാമഗ്രികൾ മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററിലേക്ക് കൈമാറി.