തൃത്താല ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി നേരിട്ട പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കായി തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃത്താല വികെ കടവിലും കെ ബി മേനോന്‍ ഹൈസ്‌കൂളിലുമാണ് ക്യാമ്പ് നടത്തിയത്. രണ്ട് ക്യാമ്പുകളിലുമായി 234 പേര്‍ പങ്കെടുത്തു.

പനി, അലര്‍ജി തുടങ്ങിയ അസുഖങ്ങള്‍ക്കാണ് കൂടുതല്‍ ആളുകള്‍ ചികിത്സ തേടിയെത്തിയത്. പകര്‍ച്ചവ്യാധി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. കെ പത്മനാഭന്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത 103 പേര്‍ക്ക് എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്തു.

ആവശ്യക്കാര്‍ക്ക് ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള മരുന്നുകളും വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ ആശാ പ്രവര്‍ത്തകര്‍ മഴക്കെടുതി നേരിട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഡോക്‌സിസൈക്ലിന്‍ വിതരണം ചെയ്തുവരുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി പി എച്ച് സി,  തൃത്താല ഗവ. കോളേജ്, കെ ബി മേനോന്‍ ഹൈ സ്‌കൂള്‍ എന്നിവിടങ്ങളിലെ കിണറുകളിലും തൃത്താലയിലും വി. കെ കടവിലുമുള്ള പൊതു കിണറുകളിലും ജല ഗുണനിലവാര പരിശോധന നടത്തി ക്ലോറിനേഷന്‍ ചെയ്തിരുന്നു. അടുത്ത ആഴ്ചയില്‍ രണ്ട് ക്യാമ്പുകള്‍ കൂടി സംഘടിപ്പിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.