ഉരുൾപൊട്ടലും പ്രളയവും ദുരിതം വിതച്ച വയനാടിനു മനക്കരുത്ത് പകരാൻ കണ്ണൂരിൽ നിന്നുമുള്ള മാനസികരോഗ വിദഗ്ധരുടെ സംഘം ജില്ലയിലെത്തി. കണ്ണൂർ നാഷണൽ ഹെൽത്ത് മിഷന്റെയും കണ്ണൂർ സർവ്വകലാശാല അംഗീകൃത സ്ഥാപനമായ ഹൃദയാരാം കമ്മ്യുണിറ്റി കോളേജ് ഓഫ് കൗൺസലിങിന്റെയും നേതൃത്വത്തിലാണ് കൗൺസലിങ്, സൈക്കോ തെറാപ്പി വിദഗ്ധരുടെ മുപ്പതംഗസംഘം ജില്ലയിൽ എത്തിയത്.

‘ഹൃദയഹസ്തം’ മാനസിക ശാക്തീകരണം എന്ന പദ്ധതിയിലൂടെ ഉരുൾപൊട്ടലിനും പ്രളയത്തിനും ശേഷമുണ്ടാകുന്ന വിവിധ മാനസിക പ്രശ്‌നങ്ങൾക്ക് വിവിധ തെറാപ്പികളിലൂടെ ശാസ്ത്രീയമായ പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം.

മേപ്പാടി പുത്തുമലയിൽ ദുരിതബാധിതരായവരുടെ മാനസികനില വീണ്ടെടുക്കാൻ വീടുകൾതോറും കയറി ഇറങ്ങിയുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെത്തി പൊതുവായി കാണപ്പെടുന്ന മാനസിക പ്രശ്നങ്ങളും പരിശോധിക്കും.

ഹൃദയാരാം കമ്മ്യുണിറ്റി കോളേജിൽ നിന്നും കൗൺസലിങ് സൈക്കോളജിയിൽ ബിരുദമെടുത്ത കന്യാസ്ത്രീകൾ, പൊലീസുകാർ, നഴ്സുമാർ, അധ്യാപകർ, ഡോക്ടർമാർ, സോഷ്യൽ വർക്കർമാർ, ഫാർമസിസ്റ്റുകൾ തുടങ്ങി വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരാണ് സംഘത്തിലുള്ളത്.

വയനാട് നാഷണൽ ഹെൽത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ആദ്യഘട്ടത്തിൽ മൂന്നു ദിവസം ‘ഹൃദയഹസ്തം’ ശാക്തീകരണ പരിപാടിയും സംഘടിപ്പിക്കും. തിങ്കളാഴ്ച ഉച്ചയോടെ എത്തിയ സംഘം പുത്തുമല പ്രദേശം സന്ദർശിച്ചു.

ജില്ലാ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ എ.ആർ അജയകുമാർ, എ.ഡി.എം കെ. അജീഷ്, ഡി.എം.ഒ ആർ. രേണുക, ഡെപ്യൂട്ടി കളക്ടർ (എൽആർ) മുഹമ്മദ് യൂസഫ് എന്നിവർ സംസാരിച്ചു. ഹൃദയാരാം കമ്മ്യുണിറ്റി കോളേജ് ഓഫ് കൗൺസലിങിന്റെ ഡയറക്ടർ സിസ്റ്റർ ട്രീസ പാലക്കൽ പദ്ധതി വിശദീകരിച്ചു.