*പുത്തുമലയിൽ തിരച്ചിൽ തുടരുന്നു

ജില്ലയിൽ മഴ മാറിനിന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മാറിതുടങ്ങി. നിലവിൽ ജില്ലയിൽ അവശേഷിക്കുന്നത് 15 ദുരിതാശ്വാസ ക്യാമ്പുകളാണ്. വൈത്തിരി താലൂക്കിൽ ഏഴും സുൽത്താൻ ബത്തേരിയിൽ രണ്ടും മാനന്തവാടിയിൽ ആറും ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ആകെ 249 കുടുംബങ്ങളിലായി 765 ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ പേരുള്ളത് മേപ്പാടി ജിഎച്ച്എസ് ക്യാമ്പിലാണ്. ഇവിടെ 82 കുടുംബങ്ങളിൽ നിന്നായി 243 ആളുകൾ കഴിയുന്നുണ്ട്.
പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ 13 ദിവസം പിന്നിട്ടു. ഇനിയും കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. പ്രദേശവാസികളുടെ സഹായത്തോടെ പ്രത്യേക സംഘം സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമടക്കം പരിശോധന നടത്തുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് കാണാതായവർക്കായുള്ള തിരച്ചിൽ നടക്കുന്നത്. ജില്ലയിൽ ഉരുൾപൊട്ടലിൽ പുത്തുമലയിൽ 12 പേരും മുട്ടിൽ പഴശ്ശി കോളനിയിൽ രണ്ടുപേരുമടക്കം 14 പേരാണ് മരണപ്പെട്ടത്.
ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. റവന്യു, എൽഎസ്ജിഡി വകുപ്പുകളുടെ സഹകരണത്തോടെ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് വിവര ശേഖരണം. സ്മാർട്ട് ഫോണുള്ളവർക്ക് പഞ്ചായത്തടിസ്ഥാനത്തിലുള്ള വിവര ശേഖരണത്തിൽ വളണ്ടിയറായി പങ്കാളികളാവാം. താത്പര്യമുള്ളവർ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനുള്ള കേരള സർക്കാർ വെബ് പോർട്ടലായ https://survey.keralarescue.in വഴി രജിസ്റ്റർ ചെയ്യണം.