ആഗസ്റ്റ് 23 ഉച്ചയ്ക്ക് 12ന് ബാണാസുരസാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ ഉയർത്തും. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് ഷട്ടർ ഉയർത്തുന്നത്. അപ്പർ റൂൾ ലെവലിനു മുകളിൽ ജല നിരപ്പ് ഉയരാതിരിക്കാൻ സ്പിൽവെ ഷട്ടർ തുറന്ന് സെക്കൻഡിൽ 34 ക്യൂബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. സെക്കൻഡിൽ 8.5 ക്യൂബിക് മീറ്റർ വീതമായി ഘട്ടംഘട്ടമായാണ് തുറക്കുക. അണക്കെട്ടിന്റെ താഴ്വാരത്ത് കരമാൻതോട്, പനമരം പുഴകളിൽ ഏകദേശം 20 മുതൽ 30 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ജാഗ്രത നിർദേശവും മുൻകരുതലുകളും ആവശ്യമായി വന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണത്തിലാണെങ്കിലും ആളുകൾ പുഴയിൽ ഇറങ്ങരുതെന്നും ഇരുകരകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.