കാസർഗോഡ്: പൊതുജനത്തിന്റെയും ജനപ്രതിനിധികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആയം കടവ് പാലം ഉദ്ഘാടന സജ്ജമായി. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിനെയും ബേഡടുക്ക ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് ആയം കടവ് പാലം.  ജില്ലയുടെ സ്വപ്ന പദ്ധതികൂടിയാണിത്.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. മലബാറിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലമാണിത്.  പാലം യാതാര്‍ത്ഥ്യമാവുന്നതോടെ ജനങ്ങളുടെ ഏറെ നാളത്തെ യാത്രാ ദുരിതം അവസാനിക്കുകയാണ്.
പെര്‍ളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെയാണ് ഈ പാലം നിര്‍മ്മിക്കുന്നത്. നാല് തൂണുകളിലായി 25.32 മീറ്റര്‍  നീളത്തിലാണ്  പാലം നിര്‍മ്മിച്ചത്. 11.5 മീറ്റര്‍ വീതിയുള്ള പാലത്തിന്റെ ഇരു വശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
പ്രഭാകരന്‍ കമ്മീഷനിലും ഉള്‍പ്പെട്ട ആയം കടവ് പാലത്തിന്റെ പ്രാധാന്യം അധികാരികള്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ കെ. കുഞ്ഞിരാമന്‍ എം എല്‍ ഏറെ പ്രയത്‌നിച്ചിരുന്നു. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ പ്രത്യേക താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍  പാലത്തിന്റെ അടിഭാഗത്തായി ഡിടിപിസിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന ഒരു ടൂറിസ്റ്റ് സെന്ററിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
ദിവസേന ബേഡടുക്ക പഞ്ചായത്തില്‍ നിന്ന് പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്തിലേക്കും പുല്ലൂര്‍-പെരിയയില്‍ നിന്നും ബേഡടുക്കയിലേക്കും  നിരവധി പേരാണ്  വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബേഡടുക്ക ഗ്രാമ പഞ്ചായത്തില്‍ നിന്നും ഒരു യാത്രക്കാരന് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ എത്താന്‍ കരിച്ചേരിയിലൂടെ പൊയിനാച്ചി വഴി ചുറ്റി വളഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും സമയം എടുക്കും.
പിന്നീട് മൂന്നാംകടവ് പാലം വന്നപ്പോഴാണ്  ഇത്തിരിയെങ്കിലും ദൂരം കുറഞ്ഞത് കിട്ടിയത്. ആയം കടവ് പാലം യാതാര്‍ത്ഥ്യമാകുന്നതോടെ വീണ്ടും ദൂരം കുറഞ്ഞ് കിട്ടി. ബേഡടുക്ക ഗ്രാമ പഞ്ചായത്തില്‍ നിന്നും  പെരിയ ഗവണ്‍മെന്റ് പോളിടെക്‌നിക്ക്, പെരിയ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, നവോദയ സ്‌കൂള്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദിവസേന നിരവധി വിദ്യാര്‍ത്ഥികളാണ് എത്തുന്നത്.
ആയം കടവ് പാലം ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അനുഗ്രഹമാവും. പെരിയ പി എച്ച് സി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കും ജോലിയുടെ ഭാഗമായും വിവിധ ആവശ്യങ്ങള്‍ക്കായും ദിവസവും ധാരാളം പേര്‍ എത്തുന്നുണ്ട്. ഈ യാത്രക്കാര്‍ക്കെല്ലാം ആയംകടവ് പാലം ആശ്വാസമാകും. മഴക്കാലത്ത് യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
കുണ്ടംകുഴി, ബേഡടുക്ക, പെര്‍ളടക്കം, കൊളത്തൂര്‍, കരിച്ചേരി, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കാണ് ഈ പാലം ഏറെ പ്രയോജനപ്പെടുക. ചുരുങ്ങിയത് 50,000 ത്തോളം ജനങ്ങള്‍ക്ക്  പാലം ഉപകരിക്കും.
പാലത്തിന്റെ അവസാന മിനുക്ക് പണികള്‍ പരിശോധിക്കാനായി കഴിഞ്ഞ ദിവസം കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ് മോഹന്‍ , പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനോദ് കുമാര്‍, ബേഡടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രാമചന്ദ്രന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ എന്നിവര്‍ പാലം സന്ദര്‍ശിച്ചിരുന്നു. പാലം ഉദ്ഘാടന സജ്ജമായതോടെ യാത്രാ ദുരിതത്തിന് അറുതി വന്ന സമാധാനത്തിലാണ്   ജനപ്രതിനിധികളും പൊതുജനങ്ങളും.