കോട്ടയം: പ്രകൃതി ക്ഷോഭ ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായധനമായി സര്‍ക്കാര്‍ അനുവദിച്ച പതിനായിരം രൂപ നല്‍കുന്നതിനുള്ള പട്ടിക തയ്യാറാക്കുമ്പോള്‍ അര്‍ഹരായ ഒരാള്‍ പോലും ഒഴിവാക്കപ്പെടരുതെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനസഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ താഴേ തട്ടില്‍ സംയുക്ത പരിശോധന നടത്തണം.  പരിശോധന പുര്‍ത്തിയാക്കി പ്രാഥമിക പട്ടിക സെപ്റ്റംബര്‍ മൂന്നിന് പ്രസിദ്ധീകരിക്കണം. പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. ആക്ഷേപങ്ങളില്‍ തീര്‍പ്പു കല്‍പ്പിച്ച് സെപ്റ്റംബര്‍ ഏഴിന് എല്ലാവര്‍ക്കും പണം ലഭ്യമാക്കണം.

ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു,  സബ് കളക്ടര്‍ ഈഷ പ്രിയ, എ.ഡി.എം അലക്‌സ് ജോസഫ്, പാലാ ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) മോന്‍സി പി. അലക്‌സാണ്ടര്‍, വകുപ്പുകളുടെ ജില്ലാതല മേധാവികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.