കോട്ടയം: പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ലയില്‍ ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കളക്ടറായി പ്രവര്‍ത്തിച്ചിരുന്ന ടി.കെ. വിനീതാണ് പുതിയ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്. എ.ഡി.എം ആയിരുന്ന അലക്‌സ് ജോസഫിനെ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടറായി നിയോഗിച്ചു.

പത്തനംതിട്ട എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന എസ്. ശിവപ്രസാദിനെ കോട്ടയത്ത് റവന്യൂ റിക്കവറി വിഭാഗത്തിലെ പുതിയ ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു. പാലാ ഉപതിരഞ്ഞെടുപ്പിന്റെ വരണാധികാരി ഇദ്ദേഹമാണ്.

കോട്ടയം ആര്‍.ആര്‍. ഡെപ്യൂട്ടി കളക്ടറായിരുന്ന ശാന്തി എലിസബത്ത് തോമസിനെ പത്തനംതിട്ടയില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടറായി നിയോഗിച്ചു. എറണാകുളത്ത് മധ്യമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറായിരുന്ന എന്‍.ആര്‍. വൃന്ദാദേവിയാണ് കോട്ടയത്തെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പുതിയ  ഡെപ്യൂട്ടി കളക്ടര്‍.

കോട്ടയത്ത് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായിരുന്ന പി.പി. പ്രേമലതയെ എറണാകുളത്ത് മധ്യമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചു.